ഇസ്ലാമബാദ്: ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന് പാക് ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 14 കോടി രൂപ അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്. ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് പാക് പ്രധാനമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. വ്യോമാക്രമണത്തിൽ തകർന്നതോ കേടുപാട് സംഭവിച്ചതോ ആയ കെട്ടിടങ്ങളുടെ പുനർ നിർമ്മാണത്തിനും സർക്കാർ സഹായം നൽകുമെന്നും ഇതിൽ പറയുന്നുത്.
തെക്കൻ പഞ്ചാബിലെ ബഹവൽപൂരിലെ ജെയ്‌ഷെ മുഹമ്മദ് ഭീകര ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ മസൂദ് അസറിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. അസറിന്റെ സഹോദരൻ, മൂത്ത സഹോദരിയും ഭർത്താവും, അനന്തരവനും ഭാര്യയും, ഇവരുടെ മക്കൾ അടക്കം 14 പേരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഏക അവകാശി എന്ന നിലയിൽ പാക് സർക്കാരിൽ നിന്നും 14 കോടി രൂപ ഭീകരൻ മസൂദ് അസറിന് ലഭിക്കുമെന്നാണ് വിവരം.
2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം, 2016-ലെ പത്താൻകോട്ട് ആക്രമണം എന്നിവയ്‌ക്ക് നേതൃത്വം നൽകിയ മസൂദ് അസറിനെ ഐക്യരാഷ്‌ട്ര സഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. നിലവിൽ പാക് ചാരസംഘടനയായ ഐഎസിന്റെ സംരക്ഷണയിൽ കഴിയുന്ന മസൂദ് സർക്കാരിന്റെ കരുതൽ കാരണം കാരണം ഉടൻ തന്നെ മൾട്ടി മില്യണയർ ആകുമെന്ന് ദേശിയ മാദ്ധ്യമ റിപ്പോർട്ടിൽ പറയുന്നു.















