ഇസ്ലാമാബാദ്: പാക് സൈന്യവും ഭീകര സംഘടനകളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന് ഒരിക്കൽ കൂടി അടിവരയിട്ട് ദിഫാ-ഇ-വതൻ കൗൺസിലിന്റെ (ഡിഡബ്ല്യുസി) സമ്മേളനം. പാകിസ്താൻ സൈന്യത്തിന്റെ “ഓപ്പറേഷൻ ബനിയൻ മർസൂസ്” എന്ന് വിളിക്കപ്പെടുന്ന ഇന്ത്യക്കെതിരായ ആക്രമണശ്രമത്തെ മഹത്വവൽക്കരിക്കാനും പാക് സൈന്യത്തെ പ്രശംസിക്കാനുമാണ് ഭീകരസംഘടനാ നേതാക്കൾ ഒത്തുചേർന്നത്.
ചൊവ്വാഴ്ച വൈകുന്നേരം കറാച്ചിയിൽ നടന്ന സമ്മേളനത്തിൽ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി), അഹ്‌ൽ-ഇ-സുന്നത്ത് വാൾ ജമാഅത്ത് എന്നിങ്ങനെ നിരോധിച്ചതും വിവാദപരവുമായ ഗ്രൂപ്പുകളിലെ തീവ്ര പുരോഹിതന്മാരും നേതാക്കളും ഒത്തുകൂടി. സമ്മേളനത്തെ അഭിസംബോധന ചെയ്ത തീവ്ര മതപ്രഭാഷകൻ മുഫ്തി താരിഖ് മസൂദ് പാകിസ്താൻ സൈന്യത്തിന്റെ നടപടികളെ പ്രശംസിച്ചു.
“നമ്മുടെ ശത്രുക്കൾ നമ്മുടെ സൈന്യത്തെ മതപരമായ സൈന്യം എന്നും, രാജ്യദ്രോഹികളായവർ ഈ സൈന്യത്തെ മതേതര സൈന്യം എന്നും വിളിക്കുന്നു. ഈ യുദ്ധം ജയിച്ചതിനുശേഷം, നമുക്കത് ബോധ്യപ്പെടുകയും ചെയ്തു. രക്തസാക്ഷിത്വത്തിനായുള്ള അഭിനിവേശമുള്ള, അല്ലാഹുവിന്റെ പേരിൽ, മതത്തിന്റെയും ഇസ്ലാമിന്റെയും പേരിൽ ജീവൻ ബലിയർപ്പിക്കുന്ന ഒരു സൈന്യമാണിത്.”
ജാമിയത്ത് ഉലമ-ഇ-ഇസ്ലാം (സിന്ധ്) ജനറൽ സെക്രട്ടറി അല്ലാമ റാഷിദ് മഹ്മൂദ് സൂമ്രോ ഇന്ത്യയെ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു. പാകിസ്താൻ സൈന്യം റാഫേൽ ജെറ്റുകൾ വെടിവച്ചിട്ടതായും റഷ്യയിൽ നിർമ്മിച്ച എസ് -400 വ്യോമ സംവിധാനം നശിപ്പിച്ചതായും റാഷിദ് വീമ്പിളക്കി.
“എന്റെ നേതാവ് മൗലാന ഫസ്ലുർ റഹ്മാൻ ലാഹോറിലെ മിനാർ-ഇ-പാകിസ്താനിൽ നിന്ന് മോദിയെ വെല്ലുവിളിച്ചു… ഇന്ത്യയിൽ പ്രഭാതഭക്ഷണം കഴിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് മോദിയോട് പറഞ്ഞു… ഡൽഹിക്ക് മുകളിൽ പാകിസ്താന്റെ പതാക ഉയർത്താനും ഞങ്ങൾ മടിക്കില്ല,” നേതാവ് വെല്ലുവിളിച്ചു.















