ന്യൂഡല്‍ഹി: തുർക്കിയിലെ ഇനോനു സർവകലാശാലയുമായുള്ള കരാർ റദ്ദാക്കി ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാല.ദേശീയ സുരക്ഷ മുൻനിർത്തിയാണ് നടപടി. ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ തുർക്കി പാകിസ്ഥാനൊപ്പം നിലകൊണ്ടതിന് പിന്നാലെയാണ് ജെ എൻ യു ഈ തീരുമാനം എടുത്തത്.
അക്കാദമിക് പങ്കാളിത്തത്തിൽ, സാംസ്കാരിക ഗവേഷണവും വിദ്യാർത്ഥി കൈമാറ്റവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഫെബ്രുവരി 3 നാണു യൂണിവേഴ്സിറ്റികൾ തമ്മിൽ കരാറിൽ ഒപ്പുവെച്ചത്. 2028 ഫെബ്രുവരി വരെ കരാർ കാലാവധി ഉണ്ടായിരുന്നു. എന്നാൽ നിലവിലെ സാഹചര്യം പരിഗണിച്ചു മൂന്നരമാസത്തിനിടെ കരാർ റദ്ദാക്കുകയായിരുന്നു.
ദേശീയ സുരക്ഷ മുൻനിർത്തി തുർക്കിയിലെ ഇനോനു സർവകലാശാലയുമായുണ്ടാക്കിയ കരാർ താത്ക്കാലികമായി റദ്ദാക്കിയെന്ന് എക്സിൽ പങ്കുവെച്ച കുറിപ്പിൽ ജെഎൻയു അധികൃതർ വ്യക്തമാക്കി. ജെഎൻയു രാജ്യത്തിനൊപ്പം നിലകൊള്ളുന്നുവെന്നും പോസ്റ്റിലുണ്ട്.
അന്താരാഷ്‌ട്ര അക്കാദമിക് സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ജെ എൻ യുവിന്റെ വിശാലമായ ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു മലത്യയിൽ സ്ഥിതി ചെയ്യുന്ന ഇനോനു സർവകലാശാലയുമായി ഈ കരാറിൽ ഏർപ്പെട്ടത് . രണ്ട് ജെഎൻയു വിലെ സ്കൂൾ ഓഫ് ലാംഗ്വേജ്, ലിറ്ററേച്ചർ ആൻഡ് കൾച്ചർ സ്റ്റഡീസ്, സ്കൂൾ ഓഫ് കമ്പ്യൂട്ടർ ആൻഡ് സിസ്റ്റംസ് സയൻസസ് എന്നിവയാണ്. ധാരണാപത്രത്തിൽ ഉൾപ്പെട്ട സ്‌കൂളുകൾ.
പഹൽഗാം ഭീകരാക്രമണത്തിന് ബദലായി ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ തുർക്കി പാകിസ്ഥാനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പാകിസ്ഥൻ ഇന്ത്യയ്‌ക്ക് നേരെ പ്രയോഗിച്ച ഡ്രോണുകൾ തുർക്കിയുടെതാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നിരുന്നു. കൂടാതെ പാക് സൈന്യത്തിന് തുർക്കിയിൽ നിന്ന് സഹായം കിട്ടിയിരുന്നു എന്നും അന്താരാഷ്‌ട്ര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യക്കെതിരേ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച ടര്‍ക്കിഷ് മാദ്ധ്യമമായ ടിആര്‍ടി വേള്‍ഡിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യയില്‍ നിരോധിക്കുകയും ചെയ്തു.















