സുല്‍ത്താന്‍ബത്തേരി: റോഡിന് കുറകെ ചാടിയ മാൻ ബസ് തട്ടി ചത്തതിന്റെ പേരിൽ 13 ലക്ഷം രൂപ കെട്ടിവെച്ച് കെ എസ് ആര്‍ ടി സി. വനംവകുപ്പിന്റെ കസ്റ്റഡിയിലായ സ്‌കാനിയ ബസ് വിട്ടുനല്‍കുന്നതിനാണ് പതിമൂന്ന് ലക്ഷം രൂപ കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് കോടതിയില്‍ കെട്ടിവയ്‌ക്കേണ്ടി വന്നത്. തിരുവനന്തപുരം- ബെംഗളുരു സര്‍വീസ് നടത്തുകയായിരുന്ന സ്‌കാനിയ ബസാണ് വനംവകുപ്പ് എടുത്ത കേസില്‍ കുടുങ്ങിയത്. വനംവകുപ്പിന്റെ കസ്റ്റഡിയിലായ ബസ് 24 ദിവസത്തിനു ശേഷമാണു കെ എസ് ആർ ടി സിക്ക് വിട്ടു കിട്ടിയത്.
കെഎസ്ആർടിസിയുടെ ഹർജിയിൽ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ടിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കോടതി നിർദേശിച്ച 13 ലക്ഷം രൂപ ബോണ്ടായി കെട്ടിവെച്ചാണ് ബസിന്റെ മോചനത്തിന് വഴിയൊരുങ്ങിയത്.
കഴിഞ്ഞ മാസം 19ന് മുത്തങ്ങക്കടുത്ത് എടത്തറയില്‍ വനപാതയില്‍ വെച്ച് ബസിടിച്ച് പുള്ളി മാന്‍ ചത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. വനപാലകരെത്തി സ്‌കാനിയ ബസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.
ഓടുന്ന ബസിന് മുൻപിലേക്ക് മാൻ ചാടിയെത്തിയതാണെങ്കിലും ഡ്രൈവർക്കെതിരെ വന്യജീവി സംരക്ഷണ നിയമം സെക്‌ഷൻ 9 പ്രകാരം നായാട്ടിനുള്ള കുറ്റമാണു ചുമത്തിയത്. ബസും വനം വകുപ്പിന്റെ കസ്റ്റഡിയിലായി. വയനാട് വന്യജീവി സങ്കേതം കുറിച്യാട് റേഞ്ച് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ കോടതിയിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു.കോടതി നിര്‍ദ്ദേശിച്ച ബോണ്ട് തുക കെഎസ്ആര്‍ടിസി അധികൃതര്‍ കോടതിയില്‍ കെട്ടിവെക്കുകയായിരുന്നു.















