ന്യൂ ഡൽഹി : ഭാരതീയരുടെ ബഹിഷ്‌കരണ ഭീഷണിയിൽ ആടിയുലഞ്ഞ് അസർബൈജാന്റെയും തുർക്കിയുടെയും ടൂറിസം മേഖലകൾ. മെയ്‌ക്ക് മൈ ട്രിപ്പിൽ ഈ രാജ്യങ്ങളിലേക്കുളള യാത്ര റദ്ദാക്കലുകൾ 250% വർദ്ധനവ് രേഖപ്പെടുത്തി.
പഹല്ഗാമിലെ ഭീകരാക്രമണത്തിലും അനുബന്ധ സംഭവങ്ങളിലും തുർക്കി, അസർബൈജാൻ എന്നീ രാജ്യങ്ങൾ പാകിസ്ഥാനെ പിന്തുണയ്‌ക്കുന്നതിൽ പ്രതിഷേധിച്ച് അവിടേക്കുള്ള യാത്ര ബഹിഷ്‌കരിക്കണമെന്ന് ഇന്ത്യക്കാരോട് ആവശ്യപ്പെടുന്ന ഒരു ഓൺലൈൻ കാമ്പെയ്‌ൻ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ഈ യാത്ര റദ്ദാക്കലുകൾ നടക്കുന്നത്.
ഇന്ത്യൻ വിനോദസഞ്ചാരികളാണ് വൻതോതിൽ യാത്രകൾ റദ്ദാക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ യാത്രാ പോർട്ടലായ മേക്ക് മൈ ട്രിപ്പ്, കഴിഞ്ഞ ആഴ്ചയിൽ ഇരു രാജ്യങ്ങളിലേക്കുമുള്ള ബുക്കിംഗുകളിൽ 60% കുറവും റദ്ദാക്കലുകളിൽ 250% വർദ്ധനവും റിപ്പോർട്ട് ചെയ്തു.
മെയ്‌ക്ക് മൈ ട്രിപ്പിൽ തുർക്കി, അസർബൈജാൻ എന്നിവിടങ്ങളിലേക്ക് വിമാന ബുക്കിംഗുകൾ നൽകുന്നത് തുടരുമ്പോൾ, പ്രമോഷനുകൾ നിർത്തിവച്ചിരിക്കുകയാണ്.
2024 ൽ 243,000 ൽ അധികം ഇന്ത്യക്കാർ അസർബൈജാൻ സന്ദർശിച്ചു, 2014 ൽ ഇത് വെറും 4,800 ആയിരുന്നു. ഒരു ദശാബ്ദം മുമ്പ് 119,000 ആയിരുന്ന തുർക്കിയിൽ ഈ വർഷം 330,000 ൽ അധികം ഇന്ത്യക്കാർ എത്തി.
പാക് അധിനിവേശ കശ്മീരിലെ ഇന്ത്യയുടെ വ്യോമാക്രമണത്തെ തുർക്കിയും അസർബൈജാനും അപലപിച്ചതിനെത്തുടർന്നാണ് ഭാരതീയരുടെ \ ബഹിഷ്കരണം ശക്തമായത്. അതിനുശേഷം, ഇന്ത്യൻ സോഷ്യൽ മീഡിയയിൽ #BoycottTurkey, #BoycottAzerbaijan തുടങ്ങിയ ഹാഷ്‌ടാഗുകൾ ട്രെൻഡ് ആയി മാറി, തുർക്കി എയർലൈൻസിനെ ഒഴിവാക്കാനുള്ള ആഹ്വാനങ്ങൾക്കൊപ്പം, കോഡ്‌ഷെയർ ബന്ധം വിച്ഛേദിക്കാൻ സോഷ്യൽ മീഡിയ വഴിഇൻഡിഗോയിൽ സമ്മർദ്ദം ചെലുത്തുന്നതും കണ്ടു.
അസൈര്‍ബൈജാന് മാത്രം 3,000 കോടിയുടെ നഷ്ടമാണ് ഉണ്ടാവുകയെന്നാണ് ഏകദേശ കണക്ക്. തുര്‍ക്കിക്കും ഏറെക്കുറെ അതേ നഷ്ടമാണ് ഉണ്ടാവുക. ഈ രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തുന്ന ഇന്‍ഡിഗോ പോലുള്ള എയര്‍ലൈനുകളും പ്രതിസന്ധിയിലായി.
ഇരു രാജ്യങ്ങൾക്കും പകരം പകരം ഗ്രീസ്, അര്‍മീനിയ എന്നീ രാജ്യങ്ങളിലേക്കാണ് ഭാരതീയര്‍ ഇപ്പോള്‍ പോകുന്നത്. ഗുജറാത്തില്‍ നിന്നുള്ള 800 പേര്‍ അടങ്ങുന്ന സംഘം ഇന്നലെ തുര്‍ക്കി, അസര്‍ബൈജാന്‍ യാത്രകള്‍ റദ്ദാക്കിയതായി ഒരു ടൂറിസം കമ്പനി അധ്യക്ഷ ജ്യോതി മഹല്‍ പറഞ്ഞു.