തിരുവനന്തപുരം: വഞ്ചിയൂർ കോടതി പരിസരത്ത് ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസ് മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ബെയ്ലിൻ ദാസ് ജാമ്യാപേക്ഷ നൽകിയത്. തനിക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കുന്നില്ലെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിലെ വാദം. ബോധപൂർവ്വം സ്ത്രീത്വത്തെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടില്ലെന്ന് ഇയാൾ വാദിക്കുന്നു.
ജൂനിയർ അഭിഭാഷകയെ മർദിച്ച ശേഷം ഒളിവില്‍ പോയ ബെയ്‍ലിന്‍ ദാസിനെ മൂന്നു ദിവസമായിട്ടും പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
എന്നാൽ പ്രതിയെ പിടികൂടാൻ വൈകുന്നതിൽ കടുത്ത അതൃപ്തിയുമായി ഇരയുടെ കുടുംബം രംഗത്തെത്തി. പരാതിക്കാരിയായ അഭിഭാഷക ശ്യാമിലി പ്രതിയായ ബെയ്ലിൻ ദാസിനെ മർദ്ദിച്ചെന്നു ബാർ അസോസിയഷൻ സെക്രട്ടറി പ്രസ്താവന ഇറക്കിയിരുന്നു. ഇത് കള്ളമാണെന്നും ഇരയുടെ കുടുംബം വ്യക്തമാക്കി. ഇന്നലെ ചാനൽ ചർച്ചയിലായിരുന്നു ശ്യാമിലിയ്‌ക്കെതിരെ ബാർ അസോസിയേഷൻ സെക്രട്ടറി ജി മുരളീധരന്‍റെ ഗുരുതര ആരോപണം.
പ്രതിക്കായി അന്വേഷണം തുടരുകയാെന്നാണ് വഞ്ചിയൂർ പൊലീസ് പറയുന്നത്. പ്രതി കോടതിയിൽ കീഴടങ്ങാനുള്ള സാധ്യതയുമുണ്ട്. ചോദ്യം ചെയ്യലിന് വഞ്ചിയൂർ സ്റ്റേഷനിൽ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് ബെയ്ലിൻ ദാസിന്റെ ഭാര്യക്ക് പൊലീസ് നോട്ടീസ് നല്‍കി.















