തിരുവനന്തപുരം: വഞ്ചിയൂർ കോടതി പരിസരത്ത് ജൂനിയറായ യുവഅഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ പ്രതി സീനിയർ അഡ്വ. ബെയ്‌ലിന്‍ ദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.സംഭവത്തെ തുടർന്ന് ഒളിവിൽ പോയ ബെയ്‌ലിന്‍ദാസിനെ തിരുവനന്തപുരം സ്റ്റേഷൻ കടവിൽ വച്ച് തുമ്പ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷയും തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
പൂന്തുറയിലെ വീട്ടിൽ നിന്ന് പുറത്തെ വന്നപ്പോഴാണ് തിരുവനന്തപുരം സ്റ്റേഷൻ കടവിൽ വച്ച് കാറ് തടഞ്ഞ തുമ്പ പൊലീസ് ബെയ്‌ലിൻ ദാസിനെ പിടികൂടിയത്. ഭീകരമായ ആക്രമണം നടത്തിയ ഇയാൾക്കെതിരെ ദുർബല വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തതെന്ന് ആരോപണമുണ്ട്. രണ്ട് ദിവസമായിട്ടും പ്രതിയെ പിടികൂടാത്തതിലും പൊലീസ് വിമർശനം നേരിട്ടിരുന്നു.
വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ വൈദ്യപരിശോധനയ്‌ക്ക് പുറത്തിറക്കിയപ്പോൾ സഹപ്രവർത്തകരുടെ മുമ്പിൽ ഇയാൾ കരഞ്ഞതും സഹപ്രവർത്തകർ ഇയാളെ ആശ്വസിപ്പിച്ചതും നാടകീയ രംഗങ്ങളായി.