കോഴിക്കോട്: കാക്കൂരിൽ സ്വകാര്യ ഫാമിലെ പശുക്കൾക്ക് നേരെ ആക്രമണം. പശുക്കളുടെ ശരീരത്തിലേക്ക ബ്ലീച്ചിങ് പൗഡർ എറിഞ്ഞ് പൊള്ളൽ ഏൽപ്പിച്ചതായാണ് പരാതി. വിദേശത്ത് നിന്ന് എത്തിച്ച ഏഴ് പശുക്കൾക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി പരിക്കേറ്റ ഒരു പശുവിന്റെ ഗർഭം അലസി. സംസ്ഥാന- ദേശീയ പുരസ്കാരങ്ങൾ നേടിയ ഡാനിഷ് ഫാറൂഖിന്റെ ഉടമസ്ഥതിയിലുള്ള ഫാമിലാണ് അതിക്രമം നടന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം രാത്രി ഫാമിൽ എത്തിയ മൂന്നംഗസംഘമാണ് ആക്രമണം നടത്തിയത്. ബ്ലീച്ചിങ് പൗഡർ പശുക്കളുടെ ദേഹത്ത് വിതറുകയായിരുന്നു. 30 പശുക്കളാണ് ഫാമിൽ ഉള്ളത്. നെതർലാൻഡ്, ജർമ്മനി എന്നിവടങ്ങിൽ നിന്നും എത്തിച്ചവയും ഉൾപ്പെടുന്നു. ബാക്കിയുള്ളവ പഞ്ചാബിൽ നിന്നുള്ള ഹൈബ്രിഡ് ഇനമാണ്. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.
ഫാമിൽ പുലർച്ചെ വെങ്കിടേശ്വര സുപ്രഭാതം പാട്ട് പ്ലേ ചെയ്യാറുണ്ട്, ഇതാണ് ആക്രമണത്തിന് പിന്നിലെന്നും ഫാം ഉടമ ആരോപിച്ചു. നാലര മണിക്കാണ് മിൽക്കിംഗ് ആരംഭിക്കുന്നത്. ഈ സമയത്ത് വെങ്കിടേശ്വര സുപ്രഭാതവും പ്ലേ ചെയ്യും. പശുവിന് ഏറ്റവും ഇഷ്ടവും കേട്ട് വളർന്നും ഈ പാട്ടാണ്. ഇതിന് പകരം മാപ്പിള പാട്ടോ വെറെ സിനിമാ പാട്ടോ വച്ചിട്ട് കാര്യമില്ല. ജനങ്ങളുടെ ഇഷ്ടത്തിനല്ല ഫാമിൽ പാട്ട് വെക്കുന്നത്. പശുക്കൾ കേട്ട് വളർന്ന സോംഗാണ് നമ്മൾ ഇവിടെയും ഇടുന്നത്. ഇതാണ് പ്രശ്നത്തിന്റെ തുടക്കം. 20 വാട്സിൽ കൂടുതൽ ശബ്ദം പശുക്കൾക്ക് പറ്റില്ല. അത്രയും സൗണ്ട് കുറച്ചാണ് പാട്ട് വെയ്‌ക്കുന്നത്. പിന്നിട് മലീനികരണം പറഞ്ഞ് വന്നത്. പഞ്ചായത്ത് നടത്തിയ പരിശോധനയിൽ ആരോപണം തെറ്റാണെന്ന് കണ്ടെത്തി. എന്റെ തൊഴുത്തിലല്ല മലിനീകരണം, അവരുടെ മനസ്സിലാണ്. അത് പരിഹരിക്കാൻ തനിക്ക് സാധിക്കില്ലെന്നും ഫാം ഉടമ ഡാനിഷ് പറയുന്നു.
എന്നാൽ ഫാമിലെ മാലിന്യസംസ്കരണം കാര്യക്ഷമമല്ലെന്നും പാട്ട് ഉച്ചത്തിലാണെന്നുമാണ് പ്രദേശവാസികളുടെ ആരോപണം. നാളുകളായി ഫാം ഉടമയും പ്രദേശവാസികളും തമ്മിൽ ഈ വിഷയങ്ങളിൽ തർക്കം നിലനിൽക്കുന്നുണ്ട്.















