അറ്റാദായത്തില്‍ വമ്പന്‍ കുതിപ്പ് നടത്തി തൃശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനമായ സൗത്ത് ഇന്ത്യന്‍ ബാങ്ക്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 1303 കോടി രൂപയുടെ റെക്കോഡ് അറ്റാദായമാണ് ബാങ്ക് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 21.75 ശതമാനമാണ് അറ്റാദായത്തിലെ വര്‍ധനവ്. പോയ വര്‍ഷം അറ്റാദായം 1070.08 കോടി രൂപയായിരുന്നു. ബാങ്ക് കൈകാര്യം ചെയ്യുന്ന ആകെ ബിസിനസ് 1,95,104.12 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.
ഓഹരി ഉടമകളുടെ അംഗീകാരത്തിനനുസൃതമായി 40 ശതമാനം ലാഭംവിഹിതം നല്‍കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 342.19 കോടി രൂപയാണ് ബാങ്കിന്റെ അറ്റാദായം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 287.56 കോടി രൂപയായിരുന്നു അറ്റാദായം.
അതേസമയം ബാങ്കിന്റെ പ്രവര്‍ത്തന ലാഭം മുന്‍ വര്‍ഷത്തെ 1,867.67 കോടി രൂപയില്‍ നിന്ന് 2,270.08 കോടി രൂപയായും വര്‍ധിച്ചു. 21.55 ശതമാനമാണ് വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മൊത്തം നിഷ്‌ക്രിയ ആസ്തിയിലും കുറവാണ് ബാങ്ക് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ 4.50 ശതമാനത്തില്‍ 3.20 ശതമാനമായി മൊത്തം നിഷ്‌ക്രിയ ആസ്തി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി 1.46 ശതമാനത്തില്‍ നിന്നും 0.92 ശതമാനമാനത്തിലെത്തിക്കാനും ബാങ്കിനു കഴിഞ്ഞു. അറ്റ പലിശ വരുമാനം 4.61 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 3,485.64 കോടി രൂപയിലെത്തിയിട്ടുണ്ട്.
‘സുസ്ഥിരമായ ലാഭക്ഷമത, മികച്ച ആസ്തി ഗുണനിലവാരം, ഭദ്രമായ വായ്പാ പോര്‍ട്ട്‌ഫോളിയോ, ശക്തമായ റീട്ടെയില്‍ നിക്ഷേപ അടിത്തറ എന്നിവയാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ബിസിനസ് വളര്‍ച്ചയുടെ അടിസ്ഥാനമെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ പി ആര്‍ ശേഷാദ്രി പറഞ്ഞു.