മുംബൈ: രാജ്യത്തെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന പ്രതിരോധ മേഖലാ ഓഹരികളില്‍ വന്‍ കുതിപ്പ് തുടരുന്നു. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് & എഞ്ചിനീയേഴ്സ് (ജിആര്‍എസ്ഇ), മസഗണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ്, ഭാരത് ഇലക്ട്രോണിക്സ്, ഭാരത് ഡൈനാമിക്സ്, പാരസ് ഡിഫന്‍സ്, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് എന്നിവയെല്ലാം മികച്ച നേട്ടത്തിലാണ്. എന്‍എസ്ഇ നിഫ്റ്റി ഇന്ത്യ ഡിഫന്‍സ് സൂചിക വെള്ളിയാഴ്ച ഇന്‍ട്രാഡേ വ്യാപാരത്തിനിടെ 5% ല്‍ അധികം ഉയര്‍ന്നു. കൊച്ചിന്‍ ഷിപ്പ്യാര്‍ഡും ജിആര്‍എസ്ഇയുമാണ് കുതിപ്പിന് പ്രധാനമായും നേതൃത്വം നല്‍കുന്നത്. മെയ് 13 ന് ശേഷം ജിആര്‍എസ്ഇ 30% മുന്നേറ്റമാണ് നടത്തിയത്.
ഓപ്പറേഷന്‍ സിന്ദൂരിലൂടെ ഇന്ത്യ നേടിയ തന്ത്രപരമായ വിജയം, പ്രതിരോധ കമ്പനികളുടെ ശക്തമായ വരുമാനം എന്നിവയോടൊപ്പം ദേശീയ വികാരത്തിന്റെ ഉണര്‍വും പ്രതിരോധ ഓഹരികളിലെ ഈ കുതിപ്പിന് ആക്കം പകരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍, പ്രതിരോധ സാങ്കേതികവിദ്യകളില്‍ ഇന്ത്യയുടെ പുരോഗതി കരുത്തോടെ പ്രകടമാക്കി. മേക്ക് ഇന്‍ ഇന്ത്യ ആയുധങ്ങളും അത്യാധുനിക ആഭ്യന്തര സാങ്കേതികവിദ്യകളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തിനെ സമീപകാല സംഘര്‍ഷം നിസ്സംശയമായും പ്രകടമാക്കിയെന്ന് ഇന്‍ഫോമെറിക്സ് വാല്യുവേഷന്‍ ആന്‍ഡ് റേറ്റിംഗിലെ ചീഫ് ഇക്കണോമിസ്റ്റ് ഡോ. മനോരഞ്ജന്‍ ശര്‍മ്മ പറയുന്നു.
കരുത്തു കാട്ടി കൊച്ചിന്‍ കപ്പല്‍ശാല
ദലാല്‍ സ്ട്രീറ്റില്‍ സ്വാഭാവികമായും ആത്മവിശ്വാസം ദൃശ്യമാണ്. വെള്ളിയാഴ്ച കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് 12% ത്തിലധികം കുതിച്ചുയര്‍ന്നു. കഴിഞ്ഞ അഞ്ച് വ്യാപാര സെഷനുകളിലായി 33% നേട്ടമാണ് കൊച്ചി കപ്പല്‍ശാലയുടെ ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയത്. നാലാം പാദത്തിലെ അറ്റാദായം 224 കോടി രൂപയിലേക്ക് ഇരട്ടിപ്പിച്ച ജിആര്‍എസ്ഇ, 138.5% ലാഭവിഹിതവും പ്രഖ്യാപിച്ചു. നാലാം പാദത്തില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ലാഭം 27% വര്‍ധിച്ചു.
കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, ജിആര്‍എസ്ഇ, മസഗണ്‍ ഡോക്ക് എന്നിവയുടെ സംയുക്ത ഓര്‍ഡര്‍ ബുക്കുകള്‍ 2027 സാമ്പത്തിക വര്‍ഷത്തോടെ മൂന്നിരട്ടിയിലധികം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിരോധ മേഖലയിലെ തദ്ദേശീയവല്‍ക്കരണത്തിനായുള്ള ശക്തമായ സര്‍ക്കാര്‍ പ്രേരണ, വര്‍ദ്ധിച്ചുവരുന്ന കയറ്റുമതി സാധ്യത, അടുത്തിടെ ലഭിച്ച 54,000 കോടി രൂപയുടെ കരാറുകള്‍ എന്നിവയാണ് ഇതിന് സഹായകമാവുക.
പ്രതിരോധ ബജറ്റ് പിന്തുണക്കും
ഓപ്പറേഷന്‍ സിന്ദൂരിനെത്തുടര്‍ന്ന് ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, സാങ്കേതികവിദ്യ എന്നിവയ്‌ക്ക് ചെലവ് വര്‍ധിക്കുമെന്നും രാജ്യത്തിന്റെ പ്രതിരോധ ബജറ്റിന് ഇത് കൂടുതല്‍ ശക്തി പകരുമെന്നും വിലയിരുത്തപ്പെടുന്നു. 50,000 കോടി രൂപയുടെ അനുബന്ധ ബജറ്റ് നിര്‍ദ്ദേശത്തിന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ ജാഗ്രത കൈവിടരുത്
ഇതൊക്കെയാണെങ്കിലും പ്രതിരോധ ഓഹരികളില്‍ നിക്ഷേപം ജാഗ്രതയോടെ വേണമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
‘പ്രതിരോധ കമ്പനികളുടെ, പ്രത്യേകിച്ച് കയറ്റുമതിക്കാരുടെ, ഇടത്തരം മുതല്‍ ദീര്‍ഘകാല സാധ്യതകള്‍ തിളക്കമുള്ളതായി കാണപ്പെടുന്നു. എന്നിരുന്നാലും, ഈ ഓഹരികളുടെ മൂല്യനിര്‍ണ്ണയം ഉയര്‍ന്നതാണ്, അതിനാല്‍ നിക്ഷേപകര്‍ ജാഗ്രത പാലിക്കണം.’ ഡോ. വിജയകുമാര്‍ പറയുന്നു.