ഛണ്ഡീഗഢ്: പഞ്ചാബിലെ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ്. ഖാലിസ്ഥാനി ഭീകരസംഘടനയായ ബബ്ബർ ഖൽസയുടെ ഒളിത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുണ്ടാസംഘാംഗമായ ഹാപ്പി പാസിയനുമായും ഇയാളുടെ കൂട്ടാളികളുമായും ബന്ധമുള്ള ഭീകരരുടെ സ്ഥലങ്ങളിലാണ് പരിശോധന.
പഞ്ചാബിലെയും ഹരിയാനയിലെയും വിവിധ പൊലീസ് സ്റ്റേഷനുകൾക്ക് നേരെ നടന്ന ഗ്രനേഡ് ആക്രമണങ്ങളിലെ മുഖ്യസൂത്രധാരനാണ് ഹാപ്പി പാസിയയെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പഞ്ചാബിലെ ഗുരുദാസ്പൂർ, ബട്ടാല, അമൃത്സർ, കപൂർത്തല ജില്ലകളിൽ നടത്തിയ പരിശോധനയിൽ ഡിജിറ്റൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ കണ്ടെടുത്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹാപ്പി പാസിയനുമായി ബന്ധമുള്ളവരെ എൻഐഎ നിരീക്ഷിച്ചുവരികയായിരുന്നു.
പാകിസ്താനിൽ പ്രവർത്തിക്കുന്ന കൊടുംഭീകരൻ റിൻഡയുടെ പ്രധാന സഹായിയാണ് ഹാപ്പി പാസിയൻ. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലും ചെക്ക് പോസ്റ്റുകളിലും നടന്ന ഗ്രനേഡ് ആക്രമണങ്ങളിൽ റിൻഡക്കും പങ്കുണ്ടെന്നാണ് കണ്ടെത്തൽ. ഹാപ്പിയുടെ നിർദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്.
ബബ്ബർ ഖൽസയിലെ ഭീകരർ ഇന്ത്യയിൽ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്യുകയും പരിശീലിപ്പിക്കുകയും ചെയ്തിരുന്നെന്ന് എൻഐഎ കണ്ടെത്തി. കൂടാതെ ഭീകരാക്രമണങ്ങൾക്ക് ഫണ്ട് ശേഖരിക്കുന്നതിനും ആയുധങ്ങൾ കൈമാറ്റം ചെയ്യുന്നതിനും പ്രതികൾ ഉൾപ്പെട്ടിരുന്നു.















