പാലക്കാട്: നാല് വയസുകാരൻ കിണറ്റിൽ വീണ സംഭവത്തിൽ അമ്മ അറസ്റ്റിൽ. വാളയാർ സ്വദേശി ശ്വേതയാണ് അറസ്റ്റിലായത്. അമ്മ കിണറ്റിൽ തള്ളിയിട്ടതാണെന്ന് കുട്ടി മൊഴി നൽകിയിരുന്നു. ശ്വേതയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഭർത്താവിൽ നിന്നും അകന്നാണ് ശ്വേത താമസിച്ചിരുന്നത്. ആൾമറയുള്ള കിണറ്റിലാണ് കുട്ടി വീണ നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്നാണ് കുട്ടിയെ പുറത്തെത്തിച്ചത്.
ഉയരം കൂടിയ ആൾമറയുള്ള കിണറണെന്നും കുട്ടി ഇതിൽ അബദ്ധത്തിൽ വീഴാൻ സാധ്യതയില്ലെന്നും പൊലീസിന് മനസ്സിലായി. തുടർന്ന് എന്ത് പറ്റിയതാണെന്ന് കുട്ടിയോട് ചോദിച്ചപ്പോഴാണ് അമ്മ തള്ളിയിട്ടതാണെന്ന മൊഴി കുട്ടി നല്‍കിയത്. എന്നാല്‍ അമ്മ ഇത് നിഷേധിച്ചിരുന്നു. മകനെ ഒരു കാരണവശാലും തള്ളിയിടില്ലെന്നാണ് ശ്വേത പറഞ്ഞിരുന്നത്. എന്നാൽ കുട്ടി മൊഴിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.















