ഹൈദരാബാദ്: ചാർമിനാറിന് സമീപം ഗുൽസാർ ഹൗസിൽ കെട്ടിടത്തിന് തീപിടിച്ച് ഏഴ് വയസ്സുകാരി ഉൾപ്പെടെ 17 പേർക്ക് ദാരുണാന്ത്യം. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. വീടുകളും കടകളും നിറഞ്ഞ തെരുവിലാണ് തീപിടിത്തമുണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ദേശീയ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു
രാവിലെ 6.30 ഓടെയാണ് അപകടമുണ്ടായത്. ജ്വല്ലറി പ്രവർത്തിച്ചിരുന്ന മൂന്നു നില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്നുമാണ് തീപടർന്നത്. താഴത്തെ നിലയിൽ വീടുകളായിരുന്നു. തീപിടിത്തത്തെ തുടർന്ന് എയർ കണ്ടീഷണറിന്റെ കംപ്രസറുകൾ പൊട്ടിത്തെറിച്ചതും അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. കെട്ടിടത്തിൽ നിരവധി വീടുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഒമ്പതു പേർ പൊള്ളലേറ്റും, എട്ടുപേർ ശ്വാസംമുട്ടിയുമാണ് മരിച്ചതെന്ന് മുതിർന്ന അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ പറഞ്ഞു.
മരിച്ചവരിൽ രണ്ട് കുട്ടികളും നാല് സ്ത്രീകളും ഉൾപ്പെടുന്നു. രാജേന്ദ്ര കുമാർ (67), സുമിത്ര (65), മുന്നി ബായ് (72), അഭിഷേക് മോദി (30), ആരുഷി ജെയിൻ (17), ശീതൾ ജെയിൻ (37), അരഷാദി (7), ഇരാജ് (2) എന്നിവരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
കേന്ദ്രമന്ത്രിയും തെലങ്കാന ബിജെപി അദ്ധ്യക്ഷനുമായ ജി കിഷൻ റെഡ്ഡിയും ഗുൽസാർ ഹൗസിലെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.















