തിരുവനന്തപുരം:വ്യാജ പരാതിയിൽ മേൽ കസ്റ്റഡിയിലെടുത്ത ദലിത് യുവതിക്ക് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ക്രൂരപീഡനമേല്‍ക്കേണ്ടി വന്ന സംഭവത്തില്‍ എസ്ഐ പ്രസാദിനെ സസ്‌പെൻഡ് ചെയ്തു. മാല മോഷണം ആരോപിച്ചു ദലിത് സ്ത്രീയെ കഉളക്കേസിൽ കുടുക്കിയെന്ന പരാതിയിലാണ് നടപടി.
ബിന്ദു നൽകിയ പരാതിയെ തുടർന്ന് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്കെതിരെ ഡിജിപി അന്വേഷണം പ്രഖ്യാപിച്ചിരുന്നു.ബിന്ദുവിന്റെ പരാതിയിൽ എസ് സി എസ് ടി കമ്മീഷനും നടപടിയിലേക്ക് നീങ്ങിയിട്ടുണ്ട്.
ബിന്ദു ജോലിക്ക് നിന്ന വീട്ടിൽനിന്ന് സ്വർണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ വെച്ച് എസ് ഐ ഉൾപ്പടെയുള്ളവർ ബിന്ദുവിനോട് ക്രൂരമായി പെരുമാറിയത് .കുടിക്കാൻ വെള്ളം പോലും നൽകാതെ ഒരു ദിവസം മുഴുവൻ സ്റ്റേഷനിൽ പട്ടിണിക്കിട്ടു. കള്ളന്മാരെ പോലെ നടത്തി നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. താൻ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേൾക്കാൻ പോലും തയ്യാറായില്ലെന്നും ബിന്ദു പറയുന്നു.പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ പൊലീസ് ബിന്ദുവിന് എതിരെ രജിസ്റ്റർ ചെയ്തിരുന്ന എഫ്ഐആർ പിൻവലിച്ചു.
ബിന്ദുവിന്റെ പരാതി അവഗണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി അവകാശപ്പെട്ടു. ഇപ്പോഴത്തെ നടപടിയില്‍ സന്തോഷമെന്ന് പരാതിക്കാരിയായ നെടുമങ്ങാട് സ്വദേശി ബിന്ദു പറയുന്നു. തനിക്കെതിരെ മാല മോഷ്ടിച്ചുവെന്ന കള്ളപ്പരാതിയിലും നടപടി വേണമെന്നു ബിന്ദു ആവശ്യപ്പെട്ടു.















