പ്രയാഗ് രാജ് : സംഭാൽ മസ്ജിദിലെ സര്‍വ്വേ അനുമതി അലഹബാദ് ഹൈക്കോടതി ശരിവെച്ചു. ഈ വിഷയത്തിൽ സംഭാൽ മസ്ജിദ് കമ്മിറ്റി നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. സിവില്‍ കോടതിയുടെ ഉത്തരവ് നിയമപരമെന്നും ഹിന്ദു വിഭാഗത്തിന് ആവശ്യമുന്നയിക്കാന്‍ അവകാശമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
സംഭാൽ ഷാഹി ജുമാ മസ്ജിദില്‍ അഡ്വക്കേറ്റ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടത് 2024 നവംബര്‍ 19നായിരുന്നു. നവംബര്‍ 24 ന് രണ്ടാംഘട്ട സര്‍വേക്ക് അഡ്വക്കേറ്റ് കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ എത്തിയപ്പോൾ സംഘർഷം ഉണ്ടായി. സംഘർഷത്തിൽ അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജനുവരി രണ്ടിനാണ് മസ്ജിദിലെ സര്‍വേ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമർപ്പിക്കപ്പെട്ടത്.
ഹരിഹര്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് പള്ളി നിര്‍മിച്ചതെന്നു തെളിവ് നിരത്തി അഭിഭാഷകരായ വിഷ്ണു ശങ്കര്‍ ജെയിനും പിതാവ് ഹരിശങ്കര്‍ ജെയിനുമാണ് വിഷയത്തിൽ സിവില്‍ കോടതിയെ സമീപിച്ചത്. ഹരിഹര്‍ മന്ദിര്‍ എന്നറിയപ്പെടുന്ന ക്ഷേത്രം മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബര്‍ തകര്‍ത്ത് അവിടെ മസ്ജിദ് പണിയുകയായിരുന്നു എന്നാണ് ഇവർ വാദിക്കുന്നത്.