ബെംഗളൂരു: എഡ്‌ടെക് കമ്പനിയായ ബൈജൂസിന്റെ ദ്രുതഗതിയിലുള്ള ആഗോള വികാസത്തിനിടെ ചില ബിസിനസ്സ് പിഴവുകള്‍ സംഭവിച്ചെന്ന് തുറന്നുപറഞ്ഞ് സ്ഥാപകനായ ബൈജു രവീന്ദ്രന്‍. കമ്പനി വളരെ വേഗത്തിലാണ് വളര്‍ന്നത്. ഇന്ത്യയില്‍ നിന്ന് 21 രാജ്യങ്ങളിലേക്ക് ബൈജൂസ് വ്യാപിച്ചു. ഒരുപക്ഷേ കുറച്ചുകൂടി സാവധാനത്തില്‍ മുന്നോട്ടു പോവുന്നതായിരുന്നു നല്ലതെന്ന് അദ്ദേഹം പറഞ്ഞു. 2019 മുതല്‍ 2021 വരെയുള്ള കോവിഡ് കാലത്താണ് ഈ അതിവേഗ വളര്‍ച്ച സംഭവിച്ചതെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ബൈജു രവീന്ദ്രന്‍ പറഞ്ഞു.
കടക്കെണി
മറ്റൊരു വലിയ തെറ്റ്, കമ്പനിയുടെ ലഭ്യമായ ഇക്വിറ്റി ഉപയോഗിക്കുന്നതിന് പകരം 2021 ല്‍ 1.2 ബില്യണ്‍ ഡോളറിന്റെ ഒരു വലിയ വായ്പ എടുത്തതാണ്. ഇത് ബൈജൂസിനെ പുറത്തുനിന്നുള്ള കടുത്ത സമ്മര്‍ദ്ദത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു, ”ഞങ്ങള്‍ ഇത് എടുക്കാന്‍ പാടില്ലായിരുന്നു.” അദ്ദേഹം പറഞ്ഞു.
ഫണ്ട് കിട്ടിയില്ല
ആഗോള സംഭവവികാസങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയെന്നും അദ്ദേഹം പറഞ്ഞു. റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധവും പലിശനിരക്കിലെ വര്‍ധനവും വന്നതോടെ ചില വലിയ നിക്ഷേപകര്‍ വാഗ്ദാനം ചെയ്ത പണം നല്‍കാന്‍ തയാറായില്ല. ഈ ഫണ്ടുകളുടെ അഭാവം ബൈജൂസിന്റെ പദ്ധതികളെ സാരമായി ബാധിച്ചു.
അത്ഭുത വളര്‍ച്ച
കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ പഠനത്തില്‍ സഹായിക്കുന്നതിന് 2015 ലാണ് മലയാളിയായ ബൈജു രവീന്ദ്രന്‍ ബൈജൂസ് ആരംഭിച്ചത്. 2019 ആയപ്പോഴേക്കും 1 ബില്യണ്‍ ഡോളറിലധികം മൂല്യത്തിലേക്ക് വളര്‍ന്ന് കമ്പനി ഒരു യൂണികോണ്‍ ആയി മാറി. അഭൂതപൂര്‍വമായ വളര്‍ച്ചയോടെ 2022 ആയപ്പോഴേക്കും മൂല്യം 22 ബില്യണ്‍ ഡോളറായി കുത്തനെ ഉയര്‍ന്നു. പിന്നാലെ പ്രശ്‌നങ്ങള്‍ ഓരോന്നായി തലപൊക്കി. കമ്പനി കടക്കെണിയിലേക്കും നിയമക്കുരുക്കിലേക്കും വീണു. രക്ഷിതാക്കളുടെ പരാതികളും കമ്പനിക്ക് പ്രതിസന്ധി സൃഷ്ടിച്ചു.
ഏകദേശം 40,000 അധ്യാപന തസ്തികകളും നവ ബിരുദധാരികള്‍ക്ക് 2 ലക്ഷത്തിലധികം തൊഴിലവസരങ്ങളും കമ്പനി സൃഷ്ടിച്ചെന്ന് ബൈജു രവീന്ദ്രന്‍ പറയുന്നു. ‘ഒരു ദശലക്ഷം അധ്യാപന ജോലികള്‍ സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ ആശയം,’ ബൈജു രവീന്ദ്രന്‍ പറഞ്ഞു.
തിരിച്ചു വരും
സാമ്പത്തിക പ്രശ്നങ്ങള്‍ക്കിടയിലും തന്റെ ലക്ഷ്യം ഉപേക്ഷിക്കാന്‍ തയാറല്ലെന്ന് ബൈജു രവീന്ദ്രന്‍ പറയുന്നു. നിയന്ത്രണം വീണ്ടെടുക്കുകയും ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.















