കൊല്ലം : കൊല്ലം കൊട്ടിയം കണ്ണനല്ലൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങൾ മരിച്ച സംഭവത്തിൽ സംസ്ഥ ആരോഗ്യ വകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ കുട്ടികളുടെ അച്ഛൻ മുരളി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വേണ്ട ചികിത്സ ലഭിച്ചില്ലെന്ന് കുട്ടികളുടെ അച്ഛൻ മുരളി ആരോപിച്ചു.
“ESI ആശുപത്രിയിൽ നിന്ന് ഐ സി യു വിൽ പ്രവേശിപ്പിക്കണം എന്ന് നിർദേശിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച കുട്ടിയെ നിലത്തു കിടത്തി. ഛർദി കൂടിയിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. വിദഗ്‌ദ്ധ ചികിത്സ നൽകിയിരുന്നെങ്കിൽ ഒരാളെ എങ്കിലും രക്ഷിക്കാൻ കഴിഞ്ഞേനെ. ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണ്”കുട്ടികളുടെ അച്ഛൻ മുരളി ആരോപിച്ചു.
രണ്ട് മരണം നടന്നിട്ടും പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത് ഇന്നലെ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയങ്ങൾ അന്വേഷിച്ചു നടപടി സ്വീകരിക്കണമെന്നും മുരളി ആവശ്യപ്പെട്ടു.