മുംബൈ: ഏഴ് മാസത്തിനിടെ 25 വിവാഹം കഴിച്ച 23 കാരി ഭോപ്പാലിൽ പിടിയിൽ. യുപി സ്വദേശി അനുരാധ പാസ്വാൻ ആണ് പൊലീസിന്റെ സ്റ്റിംഗ് ഓപ്പറേഷനിൽ പിടിയിലായത്. ബോളിവുഡ് തിരക്കഥയെ വെല്ലുന്ന വിധത്തിലാണ് അനുരാധയുടെ വിവാഹത്തട്ടിപ്പിന്റെ രീതി. ഹണിമൂൺ കഴിയുന്നതിന് മുമ്പ് തന്നെ സ്വർണവും പണവുമായി അനുരാധ സ്ഥലം വിടും. നാണക്കേട് പേടിച്ച് മിക്ക യുവാക്കളും പരാതി നൽകാറില്ല. ഇത് അനുരാധ മുതലെടുക്കുകയായിരുന്നു. ഏഴ് സംസ്ഥാനങ്ങളിൽ നിന്നുമുളള യുവാക്കളെയാണ് പ്രതി കബളിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
മാട്രിമോണിയൽ സെറ്റിന്റെ വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് വിവാഹ തട്ടിപ്പിനുള്ള കളം ഒരുക്കുന്നത്. ചെറിയ പട്ടണങ്ങളിൽ ജോലി ചെയ്യുന്ന അധികം ബന്ധുക്കളില്ലാത്ത ഇടത്തരക്കാരായ യുവാക്കളാണ് ഇരകളായത്. യുവാക്കളിലേക്ക് എത്താൻ ഇടനിലക്കാരുമുണ്ടായിരുന്നു.
മെയ് 3 ന് സവായ് മധോപൂർ സ്വദേശി വിഷ്ണു ശർമ്മ നൽകിയ പരാതിയൊടെയാണ് വിവരം പുറം ലോകം അറിയുന്നത്. ഏജന്റുമാരായ സുനിതയും പപ്പു മീനയും വഴിയാണ് യുവാവ് അനുരാധയെ പരിചയപ്പെടുന്നത്. ഏജന്റുമാർക്ക് രണ്ട് ലക്ഷം രൂപ നൽകിയായിരുന്നു വിവാഹം ഉറപ്പിച്ചത്. ഏപ്രിൽ 20 നായിരുന്നു വിവാഹം. മെയ് 2 ന് ഹണിമൂണിനിടെ വിലപ്പിടിപ്പുള്ള സാധനങ്ങളുമായി യുവതി അപ്രത്യക്ഷയാകുകയും ചെയ്തു.
വിഷ്ണു ശർമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. യുപി മഹാരാജ്ഗഞ്ച് സ്വദേശിയാണ് അനുരാധയെന്ന് പൊലീസ് പറഞ്ഞു. ഭർത്താവുമായി വഴക്കിട്ട് ഭോപ്പാലിൽ എത്തിയ യുവതി വിവാഹത്തട്ടിപ്പ് സംഘത്തിന്റെ ഭാഗമാകുകയായിരുന്നു. തട്ടിപ്പ് ശൃംഖലയിലെ ഒരു കണ്ണി മാത്രമാണ് യുവതിയെന്നും നിരവധി പേർ സംഘത്തിലുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.















