അമരാവതി: ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനം. ആന്റി ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് ക്ഷേത്ര പരിസരങ്ങളിൽ നിരീക്ഷണം ശക്തമാക്കും. ക്ഷേത്രത്തിന് നേരെ ഭീഷണിയുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ടിടിഡി ചെയർമാൻ ബി ആർ നായിഡുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
നിലവിൽ, ക്ഷേത്രത്തിന് ചുറ്റും ഡ്രോണുകൾ പറത്തുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ സമീപ കാലങ്ങളിൽ ക്ഷേത്രത്തിന് നേരെയുണ്ടായ സുരക്ഷാപ്രശ്നങ്ങളെ തുടർന്നാണ് ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. അടുത്തിടെ, ക്ഷേത്രത്തിന്റെയും പരിസരത്തിന്റെയും ദൃശ്യങ്ങൾ ഡ്രോൺ ഉപയോഗിച്ച് പകർത്തിയതിന് ഒരു യൂട്യൂബർ അറസ്റ്റിലായിരുന്നു.
ക്ഷേത്രത്തിന്റെ പവിത്രതയും ഭക്തരുടെ സുരക്ഷയും കണക്കിലെടുത്ത് തിരുമലയും പരിസരപ്രദേശവും ഡ്രോൺ നിരോധിത മേഖലയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ടിടിഡി ചെയർമാൻ കേന്ദ്ര വ്യോമയാന മന്ത്രി കെ റാം മോഹൻ നായിഡുവിന് കത്തയച്ചിരുന്നു. ഭക്തരുടെ വിശ്വാസം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ‘ഡിഡി നെക്സ്റ്റ് ലെവൽ’ എന്ന സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ക്ഷേത്രസമിതി തീരുമാനിച്ചു.















