ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പിഒകെയിലെ പാക് സൈനിക കേന്ദ്രം തകർത്തത് കരസേനയുടെ ചീനാർ കോർ. മെയ് 10 ന് വെടിനിർത്തൽ കരാർ പാകിസ്താൻ ലംഘിച്ചതിന് പിന്നാലെയാണ് ചീനാർ കോർ തിരിച്ചടിച്ചത്. ചീനാർ കോറിന്റെ പ്രത്യാക്രമണത്തിൽ 64 പാക് സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. 96 സൈനികർക്ക് പരിക്കേറ്റു. പാകിസ്താന്റെ മൂന്ന് സേന പോസ്റ്റുകളും ആയുധ ഡിപ്പോയും ഇന്ധന ഡിപ്പോയും ചീനാർ തകർത്തെറിഞ്ഞു. ഇവ പുനർനിർമ്മിക്കാൻ 8-12 മാസം എടുക്കുമെന്ന് സൈന്യത്തിന്റെ വിലയിരുത്തൽ.
ശ്രീനഗർ ആസ്ഥാനമായ കരസേനയുടെ 15 കോറാണ് ചീനാർ. കുപ്വാര ജില്ലയിലെ താങ്ധറിൽ നിയന്ത്രണ രേഖയോട് ചേർന്നുള്ള പ്രദേശമാണ് ലിപ താഴ്വര. ലീപ താഴ്‌വരയിൽ നിരവധി പാക് സൈനിക കേന്ദ്രങ്ങളുണ്ട്. എന്നാൽ പരമാവധി നാശനഷ്ടങ്ങൾ വരുത്താൻ സാധ്യതയുള്ള സ്ഥലങ്ങൾ മാത്രമാണ് ഇന്ത്യൻ സൈന്യം ലക്ഷ്യമിട്ടത്.
ഞങ്ങളുടെ തിരിച്ചടി 1:3 അനുപാതത്തിലാണെന്ന് ചിനാർ കോർപ്സിലെ മുതിർന്ന ഉദ്യോഗസ്ഥനൻ പറഞ്ഞു. ഓരോ തവണയും പാകിസ്താൻ വെടിനിർത്തൽ ലംഘിക്കുമ്പോഴും ഇന്ത്യൻ സൈന്യം മൂന്നിരട്ടി തിരിച്ചടി നൽകി, അദ്ദേഹം വ്യക്തമാക്കി.