ന്യൂഡൽഹി: പാകിസ്താന് വേണ്ടി ചാരവൃത്തി ചെയ്ത ജ്യോതി മൽഹോത്ര ബംഗ്ലാദേശ് സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ഇതിന്റെ രേഖകൾ അന്വേഷണസംഘം കണ്ടെത്തി. ബംഗ്ലാദേശ് വിസയ്‌ക്ക് വേണ്ടിയുള്ള അപേക്ഷഫോമുകൾ പൊലീസ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. യൂട്യൂബ് ചാനലിന്റെ മറവിൽ ബംഗ്ലാദേശിലേക്ക് യാത്ര ചെയ്ത് പരിചയക്കാരെ സന്ദർശിക്കാനാണ് ജ്യോതി പദ്ധതിയിട്ടിരുന്നത്.
ജ്യോതി മൽഹോത്രയുടെ സമീപകാല യാത്രകളെ കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണ്. ബംഗ്ലാദേശിലെ ചിലരുമായി പ്രതിക്ക് ബന്ധമുണ്ടെന്ന കാര്യവും വ്യക്തമായിട്ടുണ്ട്. ജ്യോതിയും പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
പാകിസ്താന്റെ ചാരസംഘടനയായ ഐഎസ്ഐയിൽ ജോലി ചെയ്തിരുന്ന അലി ഹസനുമായി ജ്യോതി നിരന്തരം ബന്ധപ്പെട്ടിരുന്നു. എൻഐഎ കണ്ടെത്തിയ ചാറ്റിൽ, തനിക്ക് പാകിസ്താനിൽ വിവാഹം കഴിക്കണം എന്ന് ജ്യോതി ഹസനോട് പറയുന്നു. പാകിസ്താനുമായുള്ള ജ്യോതിയുടെ ബന്ധത്തെയാണ് ഇത് വ്യക്തമാക്കുന്നത്. രഹസ്യവിവരങ്ങൾ കൈമാറുന്നതിനായി കോഡ് ഭാഷകളാണ് ഇവർ ഉപയോഗിച്ചിരുന്നത്.
ജ്യോതിയുടെ നാല് ബാങ്ക് അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. അക്കൗണ്ടുകളിൽ ഒന്നിൽ ദുബായിലേക്കും ഇടപാട് നടന്നതായി കണ്ടെത്തി. രണ്ട് തവണ പാകിസ്താനിലേക്ക് പോയതിന്റെ വിവരങ്ങളും ലഭിച്ചു. ഇതിനിടയിലാണ് ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ ഡാനിഷുമായി ജ്യോതി അടുത്തബന്ധത്തിലാകുന്നത്. പിന്നീട് ഡാനിഷ് വഴിയാണ് പാകിസ്താനിലെ രഹസ്യാന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥരെ ജ്യോതി പരിചയപ്പെടുന്നത്.