വിദേശരാജ്യങ്ങളില്‍ ഒരു ജോലി സ്വപ്‌നം കാണുന്നവരുടെ എണ്ണത്തിന് പരിധിയുണ്ടാകില്ല. എന്നാല്‍ തട്ടിപ്പുകളിലും മറ്റും ഉള്‍പ്പെട്ട് ഇവരില്‍ നല്ലൊരു ശതമാനവും പറ്റിക്കപ്പെടാറുണ്ട്. വിശ്വാസ്യതയുള്ള എച്ച്ആര്‍ റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ പ്രസക്തി അതിനാല്‍ എപ്പോഴുമുണ്ട്. കഴിഞ്ഞ നാല് പതിറ്റോണ്ടളമായി ഈ വിടവ് നികത്തി തൊഴിലന്വേഷകരുടെ വിശ്യാസ്യത നിലനിര്‍ത്താന്‍ കഴിയുന്നു എന്നതാണ് സീഗള്‍ ഇന്റര്‍നാഷണല്‍ എന്ന സംരംഭത്തിന്റെ പ്രസക്തി. കൊല്ലം ജില്ലയിലെ ക്ലാപ്പനയില്‍ ജനിച്ച് മുംബൈയിലേക്ക് ഭാഗ്യം തേടിപ്പോയ ഡോ. സുരേഷ് കുമാര്‍ മധുസൂദനന്‍ എന്ന സംരംഭകനാണ് സീഗളിനെ മുന്നില്‍ നിന്ന് നയിക്കുന്നത്.
ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ ജീവിതം സുരക്ഷിതമാക്കുന്ന തരത്തില്‍ അനുയോജ്യമായ തൊഴില്‍ കണ്ടെത്തി നല്‍കാന്‍ ഇതിനോടകം സീഗളിന് സാധിച്ചിട്ടുണ്ട്.
പൊലിഞ്ഞ ഐഐടി മോഹം, പക്ഷേ…
ഫര്‍ണിച്ചര്‍ ബിസിനസായിരുന്നു സുരേഷ് കുമാറിന്റെ അച്ഛന്. ബിസിനസ് വ്യാപനത്തിന്റെ ഭാഗമായാണ് മുംബൈയിലേക്ക് ചേക്കേറുന്നത്. സുരേഷ് കുമാറിനെ ഐഐടി ബിരുദക്കാരനാക്കണമെന്ന ആഗ്രഹമായിരുന്നു അച്ഛനുണ്ടായിരുന്നത്. അതിനായി പ്രീഡിഗ്രി കഴിഞ്ഞ സുരേഷ് അന്നത്തെ ബോംബെയിലേക്ക് വണ്ടി കയറി. എന്നാല്‍ ഐഐടി പ്രവേശന പരീക്ഷ മറികടക്കാന്‍ അദ്ദേഹത്തിനായില്ല. മറ്റൊന്നായിരുന്നു നിയോഗം. അച്ഛന്റെ ബിസിനസില്‍ സഹായി ആയി മകനും കൂടി. ഫര്‍ണിച്ചറില്‍ നിന്ന് ട്രാവല്‍ ബിസിനസിലേക്ക് ആ കുടുംബം മാറി. അവിടെ നിന്നായിരുന്നു സുരേഷ് കുമാറിന്റെ യഥാര്‍ത്ഥ തുടക്കം.
50 ചതുരശ്രയടി ഓഫീസ്
മുംബൈയില്‍ അന്ന് വെറും 50 ചതുരശ്രയടി വിസ്തീര്‍ണം മാത്രമുള്ള ഓഫീസിലായിരുന്നു ട്രാവല്‍ കമ്പനിയുടെ തുടക്കം. അവിടെ നിന്നാണ് സീഗള്‍ ഗ്രൂപ്പിന്റെ വളര്‍ച്ച ആരംഭിക്കുന്നത്. ട്രാവല്‍ ഏജന്‍സി, ടൈപ്പിംഗ്, ഫോട്ടോസ്റ്റാറ്റ് തുടങ്ങിയ സേവനങ്ങളും നല്‍കിയിരുന്നു. 1985ലായിരുന്നു തുടക്കം. 1990-92 ആയപ്പോഴേക്കും എച്ച് ആര്‍ റിക്രൂട്ട്‌മെന്റ് രംഗത്തേക്കും സീഗള്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചു.
തൊഴില്‍ തേടി നടക്കുന്നവര്‍ക്ക് ഇന്ത്യക്കകത്തും പുറത്തും ഏറ്റവും അനുയോജ്യമായ ജോലി കണ്ടെത്തി നല്‍കുന്നതില്‍ സീഗള്‍ വിജയിച്ചു. സീഗളിന്റെ ക്ലൈന്റ് ലിസ്റ്റ് പതിയെ വലുതാകാന്‍ തുടങ്ങി. അവര്‍ക്ക് അനുയോജ്യരായ ജീവനക്കാരെ കണ്ടെത്തി നല്‍കുകയെന്നത് ഒരേസമയം വലിയ അവസരവും കടുത്ത വെല്ലുവിളിയും ആയിരുന്നു. ഗള്‍ഫ്, യൂറോപ്പ് തുടങ്ങിയിടങ്ങളിലെല്ലാം വിശ്വസ്ത റിക്രൂട്ടര്‍ എന്ന സ്ഥാനം അതിവേഗം സീഗള്‍ നേടി. റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍, ഗ്യാസ്, മറൈന്‍ തുടങ്ങി നിരവധി വ്യത്യസ്തങ്ങളായ മേഖലകളില്‍ മികച്ച ജീവനക്കാരെത്തുന്നത് സീഗളിലൂടെയാണ്. ബ്ലൂ കോളര്‍, േ്രഗ കോളര്‍ ജോലികള്‍ക്കൊപ്പം വൈറ്റ് കോളര്‍ ജോലികളും സീഗളിലൂടെ നിരവധി പേരിലേക്കെത്തി. ഗുണനിലവാരത്തിന്റെയും വിശ്വാസ്യതയുടെയും കാര്യത്തില്‍ പകരക്കാരനില്ലാത്ത തലത്തിലേക്ക് സീഗള്‍ ഇന്റര്‍നാഷണല്‍ എത്തി. ഇന്ന് ഐഎസ്ഒ സര്‍ട്ടിഫൈഡ് ഗ്ലോബല്‍ ഹ്യൂമന്‍ റിസോഴ്‌സ് കണ്‍സള്‍ട്ടന്റാണ് സീഗള്‍ ഇന്റര്‍നാഷണല്‍.
മുംബൈ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനമെങ്കിലും ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, കൊച്ചി, ബറോഡ, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളില്‍ ശാഖകളും നേപ്പാള്‍, ശ്രീലങ്ക, യുഎഇ, സൗദി അറേബ്യ, ഖത്തര്‍, യുകെ, സ്വീഡന്‍, ലിതുവാനിയ, കെനിയ എന്നീ രാജ്യങ്ങളില്‍ വിദേശ ഓഫീസുകളുമുണ്ട് സീഗളിന്. വിദേശകാര്യ മന്ത്രാലയത്തിന്റെ 5 സ്റ്റാര്‍ അംഗീകാരമുള്ള റിക്രൂട്ട്മെന്റ് ഏജന്‍സിയാണ് സീഗള്‍ ഇന്റര്‍നാഷണല്‍ എന്ന് ഡോ. സുരേഷ്‌കുമാര്‍ മധുസൂദനന്‍ പറയുന്നു.

കേരളത്തിലും സജീവം
2006ലാണ് കേരളത്തില്‍ സീഗള്‍ ഓഫീസ് തുറന്നത്. നിരവധി മലയാളികള്‍ വിദേശത്ത് ജോലി തേടിപ്പോകുന്ന പശ്ചാത്തലത്തിലായിരുന്നു ഇത്. അതിലുപരി താന്‍ ഒരു മലയാളി ആയതിനാല്‍ കേരളത്തിലേക്ക് തിരികെ എത്തണം എന്ന ആഗ്രഹവും സുരേഷ് കുമാറിന്റെ മനസിലുണ്ടായിരുന്നു. റിക്രൂട്ട്‌മെന്റ് ഫീസ് ഈടാക്കാതെയുള്ള പ്രവര്‍ത്തനമായതിനാല്‍ കേരളത്തില്‍ അതിവേഗം വളരാന്‍ സീഗളിനായെന്ന് അദ്ദേഹം പറയുന്നു.
18 വര്‍ഷത്തിനിടയില്‍ കേരളത്തിലെ 14 ജില്ലകളില്‍ നിന്നുള്ള നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദേശത്ത് തൊഴില്‍ ലഭിക്കാന്‍ സീഗള്‍ നിമിത്തമായി. ഭൂരിഭാഗം ഉദ്യോഗാര്‍ത്ഥികളില്‍ നിന്നു ജോലി ലഭിക്കുന്നതിനായി തങ്ങള്‍ ഫീസ് ഈടാക്കറില്ലെന്നാണ് ഡോ. സുരേഷ് കുമാര്‍ പറയുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തങ്ങളുടെ താല്‍പ്പര്യത്തിന് അനുസരിച്ച ജോലികള്‍ക്കായി സീഗളിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. സാമൂഹ്യമാധ്യമങ്ങളില്‍ പരസ്യങ്ങളും നല്‍കാറുണ്ട്. അങ്ങനെ ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും വേക്കന്‍സിയുള്ള ജോലികള്‍ക്ക് ഉചിതമായ അപേക്ഷകരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തിന്റെ സഹായത്തോടെയാണ് കമ്പനി കണ്ടെത്തുന്നത്. തുടര്‍ന്ന് ഇന്റര്‍വ്യൂ, സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍, മെഡിക്കല്‍ പരിശോധന എന്നിവയെല്ലാം നടക്കും. അതിനു ശേഷം, തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഉദ്യോഗാര്‍ത്ഥിക്ക് നിയമനം ലഭിക്കും. തുടര്‍ന്ന് വിസ വരികയും ഉദ്യോഗാര്‍ത്ഥിക്ക് ജോലിക്കായി പോകാന്‍ സാധിക്കുകയും ചെയ്യുന്നു. മികച്ച ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തി നല്‍കുന്നതിന് കമ്പനികളാണ് സീഗളിന് ഫീസ് നല്‍കുന്നത്. അതിനാല്‍ തന്നെ തൊഴിലന്വേഷകരെ സംബന്ധിച്ചിടത്തോളം സീഗള്‍ ആശ്വാസമായി മാറുന്നു. മുപ്പതോളം രാജ്യങ്ങളില്‍ സീഗളിന് സാന്നിധ്യമുണ്ട്. വൈവിധ്യം നിറഞ്ഞ ജോലികള്‍ അതിനാല്‍ ലഭ്യമാണ്. മിഡില്‍ ഈസ്റ്റില്‍ സൗദിയാണ് ഏറ്റവും മികച്ച തൊഴില്‍ ദാതാവെന്ന് സീഗള്‍ മേധാവി പറയുന്നു. യൂറോപ്പില്‍ നിന്നും വന്‍ അവസരങ്ങളാണ് ഉദ്യോഗാര്‍ത്ഥികളെത്തേടിയെത്തുന്നത്. ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയില്‍ നിന്നാണ് അവസരങ്ങള്‍ ഏറെയും. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അവസരങ്ങള്‍ കുറഞ്ഞു വരികയാണെന്നതും ശ്രദ്ധേയമാണ്. സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥാപനങ്ങളിലൂടെ മാത്രം റിക്രൂട്ട്മെന്റിനെ ആശ്രയിക്കുക എന്നതാണ് ഇക്കാര്യത്തില്‍ ചെയ്യേണ്ടതെന്ന് ഡോ. സുരേഷ് കുമാര്‍ മധുസൂദനന്‍ പറയുന്നത്.

ഗുരുവാണ് പ്രചോദനം
കേരളത്തിന്റെ ആത്മീയ നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുദേവനാണ് ഡോ. സുരേഷ് കുമാര്‍ മധുസൂദനന് എന്നും പ്രചോദനം.
‘വിദ്യകൊണ്ടു പ്രബുദ്ധരാവുക, സംഘടന കൊണ്ടു ശക്തരാവുക, വ്യവസായത്തിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം നേടുക” എന്ന ഗുരുദര്‍ശനമാണ് ഡോ. സുരേഷ് കുമാര്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നത്. സീഗള്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ വിജയത്തിന് പിന്നില്‍ ഗുരുദര്‍ശനമാണെന്ന് പറയുന്നു അദ്ദേഹം. ഗുരു ദര്‍ശനം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് പുറത്തിറക്കിയിട്ടുണ്ട് ഡോ. സുരേഷ് കുമാര്‍ മധുസൂദനന്‍, അത് ആഗോളതലത്തില്‍ ശ്രദ്ധ നേടുകയും ചെയ്തു.