മുംബൈ: ഫാര്‍മ, ഓട്ടോ, റിയല്‍റ്റി, ഐടി മേഖലയിലെ ഓഹരികളുടെ കുതിപ്പിന്റെ പിന്തുണയില്‍ മൂന്ന് ദിവസത്തെ നഷ്ടക്കളി അവസാനിപ്പിച്ച് ഇന്ത്യന്‍ ഓഹരി വിപണി. സെന്‍സെക്‌സും നിഫ്റ്റിയും 0.5% നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇ സെന്‍സെക്‌സ് 410.19 പോയിന്റ് ഉയര്‍ന്ന് 81,596.63 ലും എന്‍ എസ് ഇ നിഫ്റ്റി 129.55 പോയിന്റ് കൂടി 24,813.45 ലും വ്യാപാരം അവസാനിപ്പിച്ചു. മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളും പോസിറ്റീവായിരുന്നെങ്കിലും നിഫ്റ്റിയുടെയും സെന്‍സെക്‌സിന്റെയും അത്ര കുതിപ്പ് അവയില്‍ ദൃശ്യമായില്ല. നിഫ്റ്റി മിഡ്കാപ് 100, 0.8 ശതമാനവും സ്‌മോള്‍കാപ് 100, 0.4 ശതമാനവുമാണ് ഉയര്‍ന്നത്.
നേട്ടമുണ്ടാക്കി റിയല്‍റ്റിയും ഫാര്‍മയും
നിഫ്റ്റി റിയല്‍റ്റി സൂചിക 1.51 ശതമാനം ഉയര്‍ന്നപ്പോള്‍ നിഫ്റ്റി ഫാര്‍മ 1.10 ശതമാനം കുതിച്ചു. നിഫ്റ്റി ഓട്ടോ 0.70 ശതമാനവും നിഫ്റ്റി ഐടി 0.68 ശതമാനവും മുന്നേറി. എഫിഎംസിജി, ഇന്‍ഫ്ര, ഊര്‍ജം, പിഎസ്യു ബാങ്ക് സൂചികകള്‍ ചെറിയ നേട്ടത്തിലൊതുങ്ങി. നിക്ഷേപക ആശങ്ക ഉയരുന്നെന്ന് സൂചിപ്പിച്ച് ഇന്ത്യ വിക്‌സ് 2.53 ശതമാനം ഉയര്‍ന്നു.
മുന്നിലെത്തി ബജാജ് ഫിന്‍സര്‍വ്
2214 ഓഹരികളില്‍ മുന്നേറ്റമുണ്ടായി. 1615 ഓഹരികള്‍ പിന്നോട്ടു പോയി. 126 ഓഹരികളുടെ വിലയില്‍ വ്യത്യാസം ഉണ്ടായില്ല. ബജാജ് ഫിന്‍സെര്‍വ് 2.02% വര്‍ധനവോടെ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ ഒന്നാമതെത്തി. ടാറ്റ സ്റ്റീല്‍ 1.86% നേട്ടമുണ്ടാക്കി. സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് 1.57% നേട്ടമുണ്ടാക്കിയപ്പോള്‍ ടെക് മഹീന്ദ്ര 1.39% നേട്ടമുണ്ടാക്കി. ബജാജ് ഫിനാന്‍സ് 1.36% വര്‍ധനവോടെ ആദ്യ അഞ്ച് ഓഹരികളില്‍ ഇടം പിടിച്ചു.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഇന്ന് 1.39% ഇടിഞ്ഞു. കൊട്ടക് മഹീന്ദ്ര ബാങ്ക് 0.77 ശതമാനവും പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ 0.62 ശതമാനവും പിന്നോട്ടുപോയി. ഐടിസിയുടെ ഓഹരി വില 0.44% ഇടിഞ്ഞു. അള്‍ട്രാടെക് സിമന്റിനും 0.42% നഷ്ടമുണ്ടായി.
‘സെല്‍ ഓണ്‍ റാലി’ തന്ത്രം
ഇന്ന് വിപണികള്‍ വിശാലമായി പോസിറ്റീവ് ആയ ഒരു സ്വാധീനം പ്രകടിപ്പിച്ചെങ്കിലും മൊത്തത്തിലുള്ള വികാരം ഇടുങ്ങിയ പരിധിക്കുള്ളില്‍ ഒതുങ്ങിയെന്ന് ജിയോജിത് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡിന്റെ ഗവേഷണ മേധാവി വിനോദ് നായര്‍ പറഞ്ഞു. ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകളിലെ വര്‍ദ്ധിച്ചുവരുന്ന അനിശ്ചിതത്വത്തിനിടയില്‍ സമീപഭാവിയില്‍ ‘സെല്‍ ഓണ്‍ റാലി’ തന്ത്രം പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് ക്രെഡിറ്റ് റേറ്റിംഗ് താഴ്‌ത്തിയതിനെക്കുറിച്ചുള്ള ആശങ്കകള്‍, ധനക്കമ്മി ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുള്ള യുഎസിലെ നികുതി ഇളവ് പദ്ധതികള്‍, അടുത്ത മാസം നടക്കാനിരിക്കുന്ന ഫെഡ് നയത്തില്‍ അതിന്റെ സ്വാധീനം എന്നിവ കാരണം എഫ്ഐഐകള്‍ അറ്റ വില്‍പ്പനക്കാരായി മാറിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.