ശ്രീനഗർ: ജമ്മുവിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ച് സുരക്ഷാസേന. വനാതിർത്തി പ്രദേശമായ കിഷ്ത്വാറിലാണ് ഏറ്റുമുട്ടലുണ്ടായത്. ജെയ്ഷെ ഭീകരസംഘടനയിലെ കമാൻഡർ സൈഫുള്ള ഉൾപ്പെടെയുള്ള ഭീകരർ വനത്തിൽ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പരിശോധന നടന്നത്.
സുരക്ഷാസേനയെ കണ്ടതോടെ ഭീകരർ വെടിയുതിർത്തു. ഇതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. സൈഫുള്ളക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.
ജമ്മുവിലും കശ്മീരിലും വിവിധയിടങ്ങളിൽ തെരച്ചിൽ തുടരുകയാണ്. കശ്മീരിലെ ത്രാലിലും ഷോപ്പിയാനിലും അടുത്തിടെ നടന്ന ഓപ്പറേഷനിൽ ആറ് ഭീകരർ കൊല്ലപ്പെട്ടിരുന്നു.