ന്യൂഡെല്‍ഹി: 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചാ പ്രവചനം 6.2 ശതമാനമായി ഉയര്‍ത്തി ആഗോള ധനകാര്യ സേവന സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി. നേരത്തെ 6.1 ശതമാനം വളര്‍ച്ചയാണ് മോര്‍ഗന്‍ സ്റ്റാന്‍ലി കണക്കാക്കിയിരുന്നത്. 2027 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 6.3 ശതമാനത്തില്‍ നിന്ന് 6.5 ശതമാനത്തിലേക്കും ഉയര്‍ത്തിയിട്ടുണ്ട്.
‘യുഎസ്-ചൈന വ്യാപാര സംഘര്‍ഷങ്ങളുടെ തീവ്രത കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍, 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 6.2% ആയും 2027 സാമ്പത്തിക വര്‍ഷത്തില്‍ 6.5% ആയും ഞങ്ങള്‍ മിതമായി ഉയര്‍ത്തി,’ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട് പറയുന്നു.
ആഗോള അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്ന സമയത്ത്, ആഭ്യന്തര ഉപഭോഗം ഇന്ത്യയുടെ വളര്‍ച്ചയുടെ പ്രാഥമിക എഞ്ചിനായി തുടരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ആഭ്യന്തര ഡിമാന്‍ഡില്‍, നഗരങ്ങളിലെ ഡിമാന്‍ഡ് മെച്ചപ്പെടുകയും ഗ്രാമീണ ഉപഭോഗ നിലവാരം ശക്തമാവുകയും ചെയ്യുന്നതോടെ ഉപഭോഗ വീണ്ടെടുക്കല്‍ കൂടുതല്‍ വിശാലമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നിക്ഷേപങ്ങളില്‍, പൊതു, ഗാര്‍ഹിക മൂലധന നിക്ഷേപം വളര്‍ച്ചയെ നയിക്കുന്നതായി ഞങ്ങള്‍ കാണുന്നു. അതേസമയം സ്വകാര്യ കോര്‍പ്പറേറ്റ് മൂലധന നിക്ഷേപം ക്രമേണ വീണ്ടെടുക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട് പറഞ്ഞു.
വളര്‍ച്ചയില്‍ മാന്ദ്യവും പണപ്പെരുപ്പവും നിയന്ത്രിച്ചതിനാല്‍, കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കൂടുതല്‍ പലിശ നിരക്കിളവുകള്‍ തുടരുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി പ്രതീക്ഷിക്കുന്നു.