ന്യൂഡൽഹി : ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് മുകളിലൂടെയുള്ള വ്യോമാതിർത്തി അടച്ചിടാൻ തീരുമാനം. ആൻഡമാൻ ദ്വീപുകൾക്കിടയിൽ മിസൈൽ പരീക്ഷണം നടത്താനുള്ള സാധ്യത കണക്കിലെടുത്താണ് വ്യോമാതിർത്തി അടച്ചിടുന്നത്. ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലൂടെയുള്ള ദ്വീപുകളെ ചുറ്റിപറ്റിയുള്ള പ്രദേശങ്ങളിൽ ഒരു വിമാനസർവീസുകളും അനുവദിക്കില്ലെന്ന് സേന അറിയിച്ചു.
ഇന്ത്യ – പാകിസ്താൻ സംഘർഷങ്ങൾ അവസാനിക്കുകയും അതിർത്തികളിൽ സമാധാനം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മിസൈൽ പരീക്ഷണം നടത്താൻ കരസേന പദ്ധതിയിടുന്നത്. പാകിസ്താനെതിരെയുള്ള ഓപ്പറേഷൻ സിന്ദൂർ തുടരുകയാണെന്ന് സർക്കാർ വ്യക്തമാക്കുന്നതിനിടെയാണ് ഈ പരീക്ഷണം.
പാകിസ്താനെതിരായ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിൽ മിസൈലിന്റെ പങ്കിനെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രശംസിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം മെയ് എട്ട്, ഒമ്പത്, പത്ത് തീയതികളിൽ പാകിസ്താൻ ഇന്ത്യയുടെ വ്യോമതാവളങ്ങൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഭാരതത്തിന്റെ ബ്രഹ്മോസ് മിസൈൽ ഉൾപ്പെടെ പ്രയോഗിച്ചാണ് വ്യോമസേന പ്രതിരോധം തീർത്തത്. ഇനിയൊരു പ്രകോപനപരമായ ആക്രമണം ഉണ്ടായാൽ അതിനെ നേരിടാനുള്ള എല്ലാ തയാറെടുപ്പുകളും സൈന്യം നടത്തിവരുന്നുണ്ട്.