ഇസ്ലാമാബാദ്: പാക് കരസേനാ മേധാവി അസിം മുനീറിനെ ഫീൽഡ് മാർഷൽ പദവിയിലേക്ക് ഉയർത്തിയതിനെതിരെ ഇമ്രാൻ ഖാൻ. പാകിസ്താനിൽ കാട്ടുനീതിയാണെന്നും അസിം മുനീറിന് കാട്ടിലെ രാജാവ് എന്ന പദവിയാണ് നൽകേണ്ടിയിരുന്നതെന്നും ഇമ്രാൻ ഖാൻ വിമർശിച്ചു.
“ജനറൽ അസിം മുനീറിനെ ഫീൽഡ് മാർഷലായി നിയമിച്ചു. സത്യം പറഞ്ഞാൽ, അദ്ദേഹത്തിന് ‘രാജാവ്’ എന്ന പദവി നൽകുന്നതായിരിക്കും കൂടുതൽ ഉചിതം. കാരണം പാകിസ്താനിൽ ഇപ്പോൾ കാട്ടുനീതിയാണ്. കാട്ടിൽ ഒരു രാജാവ് മാത്രമേയുള്ളൂ,” ഇമ്രാൻഖാൻ എക്‌സ് പോസ്റ്റിൽ പറഞ്ഞു.. 2023 ആഗസ്റ്റ് മുതൽ വിവിധ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുകയാണ് ഇമ്രാൻ ഖാൻ.
കഴിഞ്ഞ ദിവസമാണ് പാക് ഭരണകൂടം ജനറൽ അസിം മുനീറിന് ഫീൽഡ് മാർഷൽ പദവി നൽകിയത്. ഇന്ത്യയ്‌ക്ക് ‘കനത്ത തിരിച്ചടി’ നൽകിയതിനാണ് സ്ഥാനക്കയറ്റം എന്നാണ് അറിയുന്നത്. അസിം മുനീറിന്റെ പ്രമോഷൻ സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് വകയായി. ഷെഹ്ബാസ് ഷെരീഫിന്റെ ‘നല്ല മനസ്സ്’ കാണാതെ പോകരുതെന്നും പരാജയം ആഘോഷമാക്കുന്ന പാക് ഭരണകൂടം മാതൃകയാണെന്നുമാണ് ട്രോളുകളുടെ ആകെ ഉള്ളടക്കം.