ന്യൂഡൽഹി: ഛത്തീസ്ഗഡിലെ നക്സൽ ശക്തികേന്ദ്രങ്ങളിൽ നടത്തിയ ഓപ്പറേഷനുകളിൽ പങ്കെടുത്ത സിആർപിഎഫ് CoBRA കമാൻഡോകൾക്ക് ശൗര്യചക്ര നൽകി ആദരിച്ച് രാജ്യം. നക്സൽ മേഖലയിൽ ഒരു പുതിയ താവളം സ്ഥാപിക്കിന്നതിനിടെ മാവോയിസ്റ്റ് സ്നൈപ്പറുടെ വെടിയേറ്റ് മരിച്ച രണ്ട് സൈനികരും ആദരം ലഭിച്ച ഏഴ് കമാൻഡോകളിൽ ഉൾപ്പെടുന്നു.
രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ 201കോബ്രാ ബറ്റാലിയനിലെ കോൺസ്റ്റബിൾ പവൻ കുമാറിനും സഹ കോൺസ്റ്റബിൾ ദേവൻ സിക്കും മരണാനന്തര ബഹുമതിയായി സൈനിക മെഡൽ നൽകി. കുടുംബാംഗങ്ങൾ രാഷ്‌ട്രപതിയിൽ നിന്ന് മെഡലുകൾ ഏറ്റുവാങ്ങി. 2024 ജനുവരി 30 ന് ഛത്തീസ്ഗഡിലെ നക്സൽ ശക്തികേന്ദ്രമായ സുക്മ ജില്ലയിലെ ടെക്കൽഗുഡിയത്തിൽ തന്റെ കമാൻഡോ യൂണിറ്റും 150-ാമത് സിആർപിഎഫ് ബറ്റാലിയനിലെ സൈനികരും ഒരു ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസ് സ്ഥാപിക്കുന്നതിനിടെയാണ് പവൻ കുമാറിനെ ഒരു മാവോയിസ്റ്റ് സ്നൈപ്പർ വെടിവച്ചു കൊന്നത്.
കോബ്രാ യൂണിറ്റിലെ ഡെപ്യൂട്ടി കമാൻഡന്റ് ലഖ്‌വീർ, അസിസ്റ്റന്റ് കമാൻഡന്റ് രാജേഷ് പഞ്ചൽ, കോൺസ്റ്റബിൾ മൽകിത് സിംഗ്, 203 കോബ്ര ബറ്റാലിയനിലെ ഡെപ്യൂട്ടി കമാൻഡന്റ് വിക്രാന്ത് കുമാർ, ഇൻസ്പെക്ടർ ജെഫ്രി മിംഗ്ചുള്ളോ എന്നിവർക്കും ശൗര്യ ചക്ര ബഹുമതി ലഭിച്ചു.