ബെംഗളൂരു: നടി തമന്ന ഭാട്ടിയയെ മൈസൂർ സാൻഡിൽ സോപ്പിന്റെ ബ്രാൻഡ് അംബാസിഡർ ആക്കിയതിൽ കർണ്ണാടകയിൽ രാഷ്‌ട്രീയ വിവാദം. മുംബൈയിൽ ജനിച്ച തമന്നയെ ബ്രാൻഡ് അംബാസിഡർ ആക്കരുതെന്ന് ആവശ്യപ്പെട്ട് കന്നഡ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നു. കന്നഡ താരത്തെ പരിഗണിക്കാത്തതാണ് സംഘടനകളെ ചൊടിപ്പിച്ചത്.
6.2 കോടി രൂപയ്‌ക്കാണ് കർണ്ണാടക സർക്കാർ തമന്നയുമായി കരാർ ഒപ്പുവച്ചിരിക്കുന്നത്. രണ്ട് വർഷമാണ് കാലാവധി. ഇന്ത്യയൊട്ടാകെയുള്ള മാർക്കറ്റ് ലക്ഷ്യമിട്ടാണ് പാൻ ഇന്ത്യൻ സ്റ്റാറിനെ ബ്രാൻഡ് അംബാസിഡറാക്കിയതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. 2028 ഓടെ 5,000 കോടി വിറ്റുവരവുള്ള കമ്പനിയാക്കി മൈസൂർ സാൻഡിലിനെ മാറ്റുക എന്നാതാണ് ലക്ഷ്യമെന്നും അതിനാലാണ് തമന്നയെ ബ്രാൻഡ് അംബാസിഡർ ആക്കിയതെന്നും കർണ്ണാടക വ്യവസായ മന്ത്രി വിശദീകരിച്ചു. എന്നാൽ ഇതൊന്നും പ്രതിഷേധക്കാരെ തൃപ്തിയെടുത്തിയിട്ടില്ല.
ബ്രാൻഡ് അംബാസിഡറിലും കന്നഡിഗർ വാദം കോൺഗ്രസ് സർക്കാരിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. സിദ്ധരാമയ്യ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷമാണ് സംസ്ഥാനത്ത് പ്രാദേശിക വാദം ശക്തമായത്. അഴിമതിയിൽ നിന്നും ഭരണപരാചയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനായാണ് കോൺഗ്രസ് സർക്കാർ പ്രാദേശിക വാദം ഉയർത്തിയത്. ഇതാണ് ഇപ്പോൾ തിരിഞ്ഞു കൊത്തുന്നത്.