തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് പ്ലസ് മൊബൈൽ ആപ്പ് വഴിയുള്ള സ്വയം സർവേയുടെ സമയപരിധി കേരളത്തിന് കേന്ദ്രസർക്കാർ നീട്ടി നൽകി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രി ശിവ് രാജ് സിംഗ് ചൗഹാനുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെയാണ് സമയപരിധി നീട്ടിയത്. ഇതോടെ കേരളത്തിലെ ഉപയോക്താക്കൾക്ക് ജൂൺ 6 വരെ സ്വയം സർവേ നടത്താം.
പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) പദ്ധതിയോടുള്ള കേരള സർക്കാരിന്റെ നിസ്സഹകരണം രാജീവ് ചന്ദ്രശേഖർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അർഹരായ ഒരു ഗുണഭോക്താവിനും ഈ പദ്ധതി നഷ്ടപ്പെടരുതെന്നും സ്വയം സർവേയുടെ സമയപരിധി നീട്ടി നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമയപരിധി നീട്ടിക്കൊണ്ടുള്ള കേന്ദ്രസർക്കാർ ഉത്തരവ്.
പ്രധാനമന്ത്രി ആവാസ് യോജനയിൽ അർഹതയില്ലാത്ത സ്വന്തക്കാരെ തിരുകി കയറ്റാനുള്ള പിണറായി സർക്കാരിന്റെ ശ്രമം, പദ്ധതി നടത്തിപ്പിലുള്ള അലംഭാവം എന്നിവയെ കുറിച്ചും അദ്ദേഹം മന്ത്രിയോട് വിശദീകരിച്ചു. വിഷയത്തിൽ, നീതിയും സുതാര്യതയും ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും രാജീവ് ചന്ദ്രശേഖർ മന്ത്രിയോട് ആവശ്യപ്പെട്ടു.