ന്യൂഡെല്‍ഹി: യുവാക്കളുടെ ഇടയില്‍ ഹരമായ ഓസ്ട്രിയന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ കെടിഎം എജിയെ ഏറ്റെടുക്കാന്‍ ബജാജ് ഓട്ടോ. 800 മില്യണ്‍ ഡോളറിന്റെ ഇടപാടിനാണ് വഴിയൊരുങ്ങുന്നത്. സാമ്പത്തിക പ്രശ്‌നത്തില്‍ നിന്ന് കരകയറാന്‍ കെടിഎമ്മിനെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം. 2007 മുതല്‍ കെടിഎമ്മില്‍ 37.5% ന്യൂനപക്ഷ ഓഹരികള്‍ ബജാജിനുണ്ട്.
സാമ്പത്തിക പ്രശ്‌നം
കെടിഎം, ഹസ്‌ക്‌വര്‍ണ ബ്രാന്‍ഡുകളില്‍ മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന കെടിഎം എജി, ഗുരുതരമായ സാമ്പത്തിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് 2024 നവംബറില്‍ ഓസ്ട്രിയയില്‍ കോടതിയില്‍ പുനസംഘടനയ്‌ക്ക് അപേക്ഷ ഫയല്‍ ചെയ്തിരുന്നു. കമ്പനി ഏകദേശം 80 രാജ്യങ്ങളില്‍ ബൈക്കുകള്‍ വില്‍ക്കുന്നുണ്ട്. എന്നാല്‍ ലിക്വിഡിറ്റി പ്രശ്‌നങ്ങള്‍ മൂലം പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നത് ബുദ്ധിമുട്ടായിരിക്കുകയാണ്.
കോടതി അംഗീകരിച്ച പുനഃക്രമീകരണ പദ്ധതിയുടെ ഭാഗമായി, കെടിഎംന്റെ വായ്പാ ദാതാക്കള്‍ക്ക് അവരുടെ കുടിശ്ശികയുടെ 30% മെയ് 23നകം പണമായി നല്‍കണം. ബാക്കി തുക പുനഃസംഘടിപ്പിക്കല്‍ പ്രക്രിയയ്‌ക്ക് കീഴില്‍ കൈകാര്യം ചെയ്യും.
ബജാജ് ഭൂരിപക്ഷ ഓഹരിയുടമയാകും
കെടിഎമ്മില്‍ ബജാജ് ഓട്ടോ ഇതിനകം 200 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. 600 ദശലക്ഷം കൂടി കമ്പനിക്ക് നല്‍കാനാണ് ഇന്ത്യന്‍ ഇരുചക്ര വാഹന വമ്പന്‍ പദ്ധതിയിടുന്നത്. കടം വീട്ടാനും ബിസിനസ് പുനരാരംഭിക്കാനും കെടിഎം ഈ സാമ്പത്തിക സഹായം ഉപയോഗിക്കും.
പുതിയ നിക്ഷേപം, കെടിഎമ്മിലെ നിഷ്‌ക്രിയ നിക്ഷേപകന്‍ എന്ന നില വെടിഞ്ഞ് കമ്പനിയുടെ സജീവ നിയന്ത്രണം ഏറ്റെടുക്കാന്‍ ബജാജിനെ അനുവദിക്കും. പിയറര്‍ ബജാജ് എജി എന്ന യൂണിറ്റ് വഴി, കെടിഎമ്മിന്റെ മാതൃ കമ്പനിയായ പിയറര്‍ മൊബിലിറ്റി എജിയില്‍ ബജാജിന് നിയന്ത്രണ ഓഹരിയുണ്ടാകും.
ആഗോള തലത്തില്‍ നേട്ടം
ആഗോള മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താന്‍ കെടിഎമ്മിനെ ഏറ്റെടുക്കുന്നതിലൂടെ ബജാജിന് സാധിക്കും. കെടിഎം, ഹസ്‌ക്‌വര്‍ണ ബ്രാന്‍ഡുകളിലൂടെ പ്രീമിയം, മിഡ് റേഞ്ച് ആഗോള മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റുകളിലേക്ക് ശക്തമായി കടന്നുകയറാന്‍ ബജാജിനാവും. ബജാജ് ഓട്ടോയും കെടിഎം എജിയും സംയുക്തമായി കെടിഎം, ഹസ്‌ക്‌വര്‍ണ ബൈക്കുകള്‍ പൂനെയ്‌ക്ക് സമീപമുള്ള ചകന്‍ പ്ലാന്റില്‍ നിലവില്‍ നിര്‍മ്മിക്കുന്നുണ്ട്. കെടിഎം, ഹസ്‌ക്‌വര്‍ണ ബൈക്കുകളുടെ ലോകത്തെ പ്രധാന ഉല്‍പ്പാദന ഹബ്ബുകളിലൊന്നായി ഇന്ത്യ മാറാനും ഭാവിയില്‍ സാധ്യതയുണ്ട്.