മംഗളൂരു: ദാമ്പത്യബന്ധം തകർന്നു ഭാര്യ വീട്ടിൽ പോയതിന്റെ ദേഷ്യത്തിൽ മംഗളൂരുവിൽ ബ്രോക്കറെ കുത്തിക്കൊന്ന് യുവാവ്. കൊല്ലപ്പെട്ട ബ്രോക്കറുടെ രണ്ടു ആണ്മക്കൾക്കും പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാത്രി മംഗളൂരുവിലെ വാലച്ചിൽ ഏരിയയിലാണ് സംഭവം. കേസിൽ 30 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മംഗളൂരു വാമഞ്ചൂർ സ്വദേശി സുലൈമാൻ (50) എന്ന വിവാഹ ബ്രോക്കർ ആണ് മരിച്ചത്. അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളായ റിയാബ്, ഷിയാബ് എന്നിവർക്കു പരിക്കേറ്റു. സുലൈമാന്റെ ബന്ധുവും വാലച്ചിൽ സ്വദേശിയുമായ മുസ്തഫ (30) യാണ് പ്രതി. ഇയാളെ അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.
വാമഞ്ചൂർ സ്വദേശിയായ സുലൈമാൻ (50) എട്ട് മാസം മുമ്പ് ഷഹീനാസ് എന്ന സ്ത്രീയുമായി ബന്ധുവായ മുസ്തഫയുടെ (30) വിവാഹം നടത്തിക്കൊടുത്തു. എന്നാൽ ദാമ്പത്യത്തിലെ പ്രശ്നങ്ങൾ കാരണം, രണ്ട് മാസം മുമ്പ് ഷഹീനാസ് തന്റെ വീട്ടിലേക്ക് മടങ്ങി. ഇതേ ചൊല്ലി മുസ്തഫയും സുലൈമാനും തമ്മിൽ സംഘർഷമുണ്ടായിരുന്നു.
വ്യാഴാഴ്ച രാത്രി മുസ്തഫ സുലൈമാനെ ഫോണിൽ അധിക്ഷേപിച്ചതായി പറയപ്പെടുന്നു. ഇതോടെ സുലൈമാൻ മക്കളായ റിയാബ്, സിയാബ് എന്നിവരോടൊപ്പം വാലച്ചിലിലെ മുസ്തഫയുടെ വസതിയിലെത്തി. മക്കളെ റോഡരികിൽ കാത്തുനിർത്തി സുലൈമാൻ മുസ്തഫയുമായി സംസാരിക്കാൻ പോയി.
കുറച്ചു കഴിഞ്ഞപ്പോൾ, സുലൈമാൻ തിരിച്ചെത്തി, ചർച്ച ഫലിച്ചില്ലെന്നും തിരികെ പോകാമെന്നും മക്കളോട് പറഞ്ഞു. ഇതിനിടെ മുസ്തഫ വീട്ടിൽ നിന്ന് ഓടിവന്ന് സുലൈമാനെ കത്തികൊണ്ട് കഴുത്തിന്റെ വലതുവശത്ത് കുത്തി.
പരിക്കേറ്റ സുലൈമാൻ സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണു. തുടർന്ന് മുസ്തഫ സുലൈമാന്റെ രണ്ട് ആൺമക്കളെയും ആക്രമിച്ചു, സിയാബിന്റെ നെഞ്ചിന്റെ ഇടതുവശത്തും റിയാബിന്റെ വലതു കൈത്തണ്ടയിലും കുത്തി.
നാട്ടുകാരുടെ സഹായത്തോടെ പരിക്കേറ്റവരെ രാത്രി 11 മണിയോടെ ജനപ്രിയ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ വെച്ച് സുലൈമാൻ മരിച്ചതായി സ്ഥിരീകരിച്ചു, റിയാബിനെയും സിയാബിനെയും വിദഗ്ധ ചികിത്സയ്‌ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ മംഗളൂരു റൂറൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു.