ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന് 2.69 ലക്ഷം കോടി രൂപയുടെ റെക്കോഡ് ലാഭവിഹിതം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). 2024 സാമ്പത്തിക വര്‍ഷം 2.1 ലക്ഷം കോടി രൂപയായിരുന്നു കേന്ദ്രത്തിനുള്ള ആര്‍ബിഐ ലാഭവിഹിതം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 27.37 ശതമാനം വര്‍ധനവാണ് ലാഭവിഹിതത്തില്‍ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം വര്‍ധനയോടെ 3 ലക്ഷം കോടി രൂപ വരെ ലാഭവിഹിതം ആര്‍ബിഐ കേന്ദ്രത്തിന് കൈമാറാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേന്ദ്ര ബജറ്റില്‍ ആര്‍ബിഐയില്‍ നിന്നും പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും 2.56 ലക്ഷം കോടി രൂപയാണ് ലാഭവിഹിതമായി സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. ഇതിനെ കവച്ചുവെക്കുന്ന നേട്ടമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
ഖജനാവിനു മേലുള്ള സമ്മര്‍ദ്ദം കുറയും
വെള്ളിയാഴ്ച ചേര്‍ന്ന ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡിന്റെ യോഗത്തിലാണ് ലാഭവിഹിതം കൈമാറാന്‍ തീരുമാനമായത്. കേന്ദ്രം ശക്തമായ മൂലധനച്ചെലവിടല്‍ തുടരുകയും 2026 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ പ്രഖ്യാപിച്ച നികുതി ഇളവ് നടപടികള്‍ നിലനിര്‍ത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ധനക്കമ്മി കുറയ്‌ക്കാനും ഖജനാവിലെ സമ്മര്‍ദ്ദം കുറയ്‌ക്കാനും ആര്‍ബിഐയുടെ ഈ വമ്പന്‍ ലാഭവിഹിത കൈമാറ്റം സഹായിക്കും. ഈ സാമ്പത്തിക വര്‍ഷത്തില്‍ 11.21 ലക്ഷം കോടി രൂപയാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രം നീക്കിവെച്ചിരിക്കുന്നത്.
സിആര്‍ബി ഉയര്‍ത്തി
അപ്രതീക്ഷിതമായി സംഭവിക്കാവുന്ന സാമ്പത്തിക ആഘാതങ്ങള്‍ നേരിടാനുള്ള ഫണ്ടായ കണ്ടിജന്‍സി റിസ്‌ക് ബഫര്‍ (സിആര്‍ബി) മുമ്പത്തെ 6.5 ശതമാനത്തില്‍ നിന്ന് 7.50 ശതമാനമായി ഉയര്‍ത്താനും ആര്‍ബിഐ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഇത് മോശം വായ്പകള്‍, ആസ്തി മൂല്യങ്ങള്‍ കുറയല്‍, ജീവനക്കാരുടെ ചെലവുകള്‍, സാമ്പത്തിക ആഘാതങ്ങള്‍ എന്നിവയടക്കമുള്ള ആഘാതങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ സഹായിക്കുന്നു. കോവിഡ് മഹാമാരി സമയത്ത് 5.5 ശതമാനമായിരുന്നു സിആര്‍ബി. 2023 സാമ്പത്തിക വര്‍ഷത്തില്‍ 6 ശതമാനമായും 2024 സാമ്പത്തിക വര്‍ഷത്തില്‍ 6.5 ശതമാനമായും സിആര്‍ബി ഉയര്‍ത്തി.
ലാഭം വന്ന വഴി
ശക്തമായ ഡോളര്‍ വില്‍പ്പന, ഉയര്‍ന്ന വിദേശ വിനിമയ നേട്ടം, പലിശ വരുമാനത്തിലെ സ്ഥിരമായ വര്‍ദ്ധനവ് എന്നിവയാണ് ആര്‍ബിഐയെ മികച്ച ലാഭം കൈവരിക്കാന്‍ സഹായിച്ചത്. മറ്റ് ഏഷ്യന്‍ സെന്‍ട്രല്‍ ബാങ്കുകളെ അപേക്ഷിച്ച് ജനുവരിയില്‍ വിദേശനാണ്യ കരുതല്‍ ശേഖരം ഏറ്റവും കൂടുതല്‍ വിറ്റഴിച്ചത് ആര്‍ബിഐ ആയിരുന്നു. 2024 സെപ്റ്റംബറില്‍, വിദേശനാണ്യ കരുതല്‍ ശേഖരം 704 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. അതിനുശേഷം നോമുറയുടെയും ഡിബിഎസ് ബാങ്കിന്റെയും കണക്കുകള്‍ പ്രകാരം ആര്‍ബിഐ 125 ബില്യണ്‍ ഡോളറിലധികം വിറ്റഴിച്ചതായി കണക്കാക്കപ്പെടുന്നു.