തിരുവനന്തപുരം : കാലവർഷത്തിന്റെ വരവിനു മുന്നോടിയായി കേരളത്തിൽ അങ്ങോളമിങ്ങോളം തകർത്ത് പെയ്ത മഴയിൽ വ്യാപക നാശ നഷ്ടം.ഇന്നലെ വൈകുന്നേരത്തോടെ തൃശ്ശൂരിൽ ശക്തമായ മഴയും കാറ്റും ഉണ്ടായി. കോർപ്പറേഷനു മുന്നിൽ റോഡിലേക്ക് ഇരുമ്പ് മേൽക്കൂര മറിഞ്ഞുവീണു. ഇതോടെ തൃശ്ശൂർ മുൻസിപ്പൽ സ്റ്റാൻഡിനു മുന്നിൽ ഗതാഗതം സ്തംഭിച്ചു.
ആലപ്പുഴ എടത്വയിൽ കനത്ത മഴയിൽ മരം വീണ് വീട് തകർന്നു. തലവടി ഇരുപതിൽ ചിറ ഗീതാകുമാരിയുടെ വീടാണ് തകർന്നത്. ശക്തമായ കാറ്റിൽ ആഞ്ഞിലിമരം കടപുഴകി വീഴുകയായിരുന്നു.വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപെട്ടു. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ വാളകത്തിന് സമീപം മരം കടപ്പുഴകി വീണ് ഗതാഗതം തടസപ്പെട്ടു.
ശക്തമായ മഴയിൽ കൊട്ടാരക്കര ഗണപതിക്ഷേത്രത്തിലെ പാർക്കിംഗ് ഗ്രൗണ്ടിലെ പന്തൽ പൊളിഞ്ഞുവീണു.പാർക്ക് ചെയ്തിരുന്ന മൂന്ന് കാറുകൾക്ക് കെടുപാടുകൾ സംഭവിച്ചു. ക്ഷേത്രോത്സവത്തിന് സ്ഥാപിച്ചിരുന്ന പന്തലാണ് തകർന്ന് വീണത്. വൈകുന്നേരം ഉണ്ടായ ശക്തമായ മഴയിലാണ് നാശനഷ്ടം സംഭവിച്ചത്.
കണ്ണൂരിൽ ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. അസം സ്വദേശി ഗോപാൽ വർമനാണ് മരിച്ചത്.ക്വാറിയിൽ ഒപ്പം ഉണ്ടായിരുന്ന ലോറി ഡ്രൈവർക്ക് പരിക്ക്. പയ്യന്നൂർ ചൂരൽ ഒയോളത്തെ ക്വാറിയിലായിരുന്നു അപകടം.
തിരുവനന്തപുരത്തും ശക്തമായ മഴയും കാറ്റും ഉണ്ടായി. ഇതിൽ ധാരാളം മരങ്ങൾ കടപുഴകി വീണു.വെള്ളയമ്പലം ആൽത്തറയിൽ മരങ്ങൾ കടപുഴകി വീണു. മഴയിൽ തലസ്ഥാനത്ത് താഴ്ന്ന ഇടങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായി. മാനവീയം വീഥിയിലും വെള്ളക്കെട്ട് രൂപപ്പെട്ടുവെള്ളയമ്പലം ആൽത്തറമൂട്ടിൽ റോഡിലെ കുറുകെ മരച്ചില്ല ഒടിഞ്ഞുവീണു. വെള്ളയമ്പലം രാജ് ഭവന് സമീപം മരം ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു
തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ സമീപം മരം വീണു.ഒരാൾക്ക് പരിക്കേറ്റു. വഞ്ചിയൂർ ജനറൽ ആശുപത്രി റോഡിൽ മരം ഒടിഞ്ഞു വീണു. റോഡിന് കുറുകെയാണ് ഇവിടെ മരം വീണത്. തിരുവനന്തപുരത്ത് പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് സമീപം മരം ഒടിഞ്ഞു വീണു.
നെയ്യാറ്റിൻകര അമരവിളയിൽ കാറിനു മുകളിൽ മരം വീണു. ഒതുക്കി നിർത്തിയിരുന്ന കാറിന്റെ മുകളിലാണ് മരം വീണത്. അതിനാൽ ആളപായമില്ല.
കോഴിക്കോട് കനത്ത കാറ്റിലും മഴയിലും ചിലയിടങ്ങളിൽ മരങ്ങൾ കടപുഴകി. ഫറോക്കിൽ മൂന്നിടത്ത് മരം കടപുഴകി വീണു. മീഞ്ചന്തയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് മരങ്ങൾ മുറിച്ചു നീക്കിയത്. മറ്റു നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
കോഴിക്കോട് ചെറുവാടിയിൽ മിന്നൽ ചുഴലി ഉണ്ടായതായി റിപ്പോർട്ടുണ്ട്. ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണു.
മരങ്ങൾ കടപുഴകി വീണത് നിരവധി ഇലക്ട്രിക് പോസ്റ്റുകൾക്ക് മുകളിലേക്കാണ്.
കോഴിക്കോട്കാരശ്ശേരിയിൽ കനത്ത മഴയിൽ വ്യാപകമായ കൃഷി നാശം സംഭവിച്ചു. ആക്കോട്ട് ചാലിൽ സുബിന്റെ 300 ലധികം വാഴ കാറ്റിൽ നിലം പതിച്ചു.കോഴിക്കോട് പുതിയാപ്പ ഹാർബറിന് സമീപം 3 വീട്കൾക്ക് മുകളിൽ ആൽമരം വീണു. ഇന്നലെ രാത്രിയാണ് ആൽമരം വീണത്.
വീടിന്റെ മതിൽ ഇടിഞ്ഞു.
ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ കുന്നംകുളം അടുപ്പുട്ടി ഉരുളികുന്നിൽ മണ്ണിടിഞ്ഞു. ഇരുപതോളം വീടുകൾ കനത്ത മണ്ണിടിച്ചിൽ ഭീഷണിയിലാണ്. ഇരുപതടിയോളം ഉയരത്തിൽ വീടുകൾക്ക് ഭീഷണിയായി നിൽക്കുന്ന മൺ തിട്ട നീക്കം ചെയ്യണമെന്ന് വർഷങ്ങളായി പ്രദേശവാസികൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് പരാതിയുണ്ട്. ഉരുളിക്കുന്ന് സ്വദേശികളായ മണ്ടുമ്പാൽ ആലീസ്, ചാക്കോച്ചൻ, പ്രേമ എന്നിവരുടെ വീടിന്റെ പുറകിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. മഴ കനത്താൽ ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകുമോ എന്ന ഭയത്തിലാണ് പ്രദേശവാസികൾ.
പുനലൂർ ഐക്കരക്കോണത്ത് വീടിന് മുകളിൽ മരം വീണു. ഐക്കരക്കോണം സ്വദേശി വിശ്വംഭരന്റെ വീടിന് മുകളിലാണ് ഇന്നലെ രാത്രി പെയ്ത മഴയിൽ മരം വീണത്. ഭാര്യയും കുട്ടികളുമടക്കം നാലുപേർ വീട്ടിലുണ്ടായിരുന്നു, ഇവർ രക്ഷപ്പെട്ടു.മേല്‍ക്കൂര ഉള്‍പ്പെടെ വീടിനുള്ളിലേക്ക് വീണ് വൈദ്യുതി ഉപകരണങ്ങളും വീട്ടുപകരണങ്ങളും തകർന്ന നിലയിലാണ്.