ന്യൂഡൽഹി: പർവതപ്രദേശത്തെ വെള്ളച്ചാട്ടത്തിൽ വീണ അഗ്‌നിവീറിനെ രക്ഷപ്പെടുത്തുന്നതിനിടെ യുവ കരസേനാ ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചു. സിക്കിമിൽ നിയമിതനായ 23 കാരനായ കരസേനാ ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് ശശാങ്ക് തിവാരിയാണ് വീരമൃത്യുവരിച്ചത്. പാലം കടക്കുന്നതിനിടെ കാൽ വഴുതി വെള്ളത്തിലേക്ക് വീണ സൈനികനെ രക്ഷിക്കാൻ ശശാങ്ക് തിവാരിയും വെള്ളച്ചാട്ടത്തിലേക്ക് ചാടുകയായിരുന്നുവെന്ന് സൈനികർ പറയുന്നു.
സിക്കിം സ്കൗട്ട്സിലെ ലെഫ്റ്റനന്റ് ശശാങ്ക് തിവാരി, സിക്കിമിലെ ഒരു തന്ത്രപരമായ ഓപ്പറേറ്റിംഗ് ബേസിലേക്കുള്ള റൂട്ട് ഓപ്പണിംഗ് പട്രോളിംഗ് നയിക്കുകയായിരുന്നു. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. പട്രോളിംഗ് ടീമിലെ അഗ്നിവീർ സ്റ്റീഫൻ സുബ്ബ തടി പാലം കടക്കുന്നതിനിടെ കാലുതെറ്റി പുഴയിലേക്ക് വീണു. ഒഴുക്കിൽപ്പെട്ട അഗ്നിവീറിനെ രക്ഷിക്കാൻ ശശാങ്ക് തിവാരി ഉടനടി വെള്ളത്തിലേക്ക് എടുത്തുചാടി. മറ്റൊരു സൈനികൻ നായിക് പുക്കർ കട്ടേലും പിന്നാലെ ചാടി ഇരുവരും ചേർന്ന അഗ്നിവീറിനെ രക്ഷിച്ച് കരയിലെത്തിച്ചു.
നായിക് പുക്കർ കട്ടേലും സുരക്ഷിത സ്ഥാനത്തെത്തിയെങ്കിലും ഒഴുക്കിൽപ്പെട്ട കരസേനാ ഉദ്യോഗസ്ഥൻ മുങ്ങിപ്പോയി. ഏകദേശം അരമണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ 800 മീറ്റർ അകലെനിന്നും അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
നിസ്വാർത്ഥ സേവനം, മാതൃകാപരമായ നേതൃത്വം എന്നീ സേനയുടെ അടിസ്ഥാന മൂല്യങ്ങളുടെ യഥാർത്ഥ പ്രതിഫലനമായാണ് ലെഫ്റ്റനന്റ് ശശാങ്ക് തിവാരിയുടെ പ്രവർത്തനങ്ങളെ ഇന്ത്യൻ സൈന്യം പ്രശംസിച്ചത്. “അദ്ദേഹത്തിന്റെ ധൈര്യവും കർത്തവ്യത്തോടുള്ള സമർപ്പണവും തലമുറകളെ പ്രചോദിപ്പിക്കും,” ആറ് മാസം മുമ്പ് സൈനിക സേവനത്തിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്റെ മരണവാർത്ത പങ്കുവെച്ചുകൊണ്ട് സൈന്യം പറഞ്ഞു.