തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും വൻ ധൂർത്തുമായി ടൂറിസം വകുപ്പ്. ദുബായിലെയും ഖത്തറിലെയും വിമാനത്താവളങ്ങളിൽ പരസ്യങ്ങൾ നൽകാൻ മാത്രം മൂന്ന് കോടിയോളം രൂപ ചെലവഴിക്കുന്നതായാണ് റിപ്പോർട്ട്.
അറബ് രാജ്യങ്ങളിൽ സാമൂഹ്യമാദ്ധ്യമ പ്രചരണത്തിനായി രണ്ടരക്കോടി അനുവദിച്ചിട്ടുണ്ട്. നാല് മിനിറ്റ് ദൈർഘ്യമുള്ള പ്രചാരണ വീഡിയോകൾ തയ്യാറാക്കാൻ 39 ലക്ഷം രൂപയും നൽകി. ഒരാഴ്ചക്കിടെ ആകെ 10 കോടിയോളം രൂപയാണ് ടൂറിസം വകുപ്പ് അനുവദിച്ചത്. ഇതുകൊണ്ടുള്ള പ്രയോജനം എന്താണെന്ന് ചോദിച്ചാൽ ഉന്നത ഉദ്യോഗസ്ഥർക്ക് പോലും ഉത്തരമില്ല. മുഖ്യമന്ത്രിയും സംഘവും നടത്തുന്ന വിദേശ പര്യടനത്തിന് മുന്നോടിയായാണ് പിആർ മാമാങ്കം എന്നും റിപ്പോർട്ടുണ്ട്.
സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് ആഘോഷം പൊടിപൊടിക്കുന്നതിനിടെയാണ് കടലിനക്കരെയുള്ള പരസ്യവും. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ക്ഷേമ പദ്ധതികൾ സർക്കാർ വെട്ടിക്കുറച്ചിരിക്കുകയാണ്. കാരുണ്യ അവസാനിച്ച മട്ടാണ്. അവശ്യ മരുന്നകൾ വാങ്ങാൻ മെഡിക്കൽ സർവ്വീസ് കോർപ്പറേഷന് നൽകാനും സർക്കാരിന് പണമില്ല. ഫണ്ടില്ലാത്തതിനാൽ സഹകരണ സംഘങ്ങളിൽ നിന്നും വായ്പ എടുത്താണ് ക്ഷേമ പെൻഷൻ നൽകുന്നത്. ക്ഷേമ പെൻഷന് വേണ്ടി എന്ന പേരിൽ ഏർപ്പെടുത്തിയ ഇന്ധന സെസ് രണ്ട് വർഷം കഴിഞ്ഞിട്ടും തുടരുകയാണ്.