വാജ്‌പേയിയുടെ കവിതകൾ പാഠപുസ്തകത്തിലേക്ക്; ഡൽഹി സർവകലാശാല പിജി വിദ്യാർത്ഥികളുടെ സിലബസിൽ ഉൾപ്പെടുത്തും

Published by
Janam Web Desk

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ കവിതകൾ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. ഡൽഹി സർവകലാശാലയുടെ പിജി ഇംഗ്ലീഷ് പാഠ്യപദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്താനാണ് തീരുമാനം. പാഠ്യപദ്ധത്തി പരിഷ്ക്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന സർവകലാശാലയുടെ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ ഈ തീരുമാനത്തിന് അംഗീകാരം ലഭിച്ചു.

ഒന്നാം സെമസ്റ്ററിലെ “സ്വാതന്ത്ര്യാനന്തര ഇന്ത്യൻ സാഹിത്യം”(postcolonial literature) എന്ന പേപ്പറിന് കീഴിലാണ് കവിതകൾ ഉൾപ്പെടുത്തുക. 1996 നും 2004 നും ഇടയിൽ മൂന്ന് തവണ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിയുടെ ദേശീയത, സംസ്‌കാരം, പാരമ്പര്യം എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള വികാരഭരിതമായ കവിതകൾ എന്നെന്നും ഭാരതീയർക്കിടയിൽ ഓർമ്മിക്കപ്പെടുന്നതാണ്.

“കദം മിലാകർ ചൽന ഹോഗാ”, “ഗീത് നയാ ഗാത്താ ഹൂം”, “ആവോ മിൽക്കെ ദിയാ ജലായേം” തുടങ്ങിയ അദ്ദേഹത്തിന്റെ ചില ജനപ്രിയ വരികൾ പൊതുജനങ്ങൾക്കിടയിൽ സുപരിചിതമാണ്. അതേസമയം സർവകലാശാലയിലെ സോഷ്യോളജി, സൈക്കോളജി തുടങ്ങിയ വകുപ്പുകളിലെ പാഠ്യപദ്ധതി മാറ്റങ്ങൾക്കും യോഗം അംഗീകാരം നൽകി, ജേണലിസത്തിലും ന്യൂക്ലിയർ മെഡിസിനിലും പുതിയ പ്രോഗ്രാമുകൾ അവതരിപ്പിച്ചു.

Share
Leave a Comment