ബെംഗളൂരു: ബെംഗളൂരു മെട്രോ ട്രെയിമുകളിലെ സ്ത്രീ യാത്രക്കാരുടെ അശ്ളീല ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റാഗ്രാം വഴി പ്രചരിപ്പിച്ചു കൊണ്ടിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ ഹസ്സനിൽ നിന്നുള്ള ദിഗന്ത് ആണ് പിടിയിലായത്. ബെംഗളൂരുവിലെ തിഗലരപാളയ പ്രദേശത്ത് താമസിച്ചു വരികയായിരുന്നു. കൊമേഴ്‌സ് ബിരുദധാരിയായ ഇയാൾ മുരുഗേശപാളയയിലെ ഒരു സ്വകാര്യ കമ്പനിയുടെ അക്കൗണ്ട്സ് വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്.
ദിവസവും പീനിയയിൽ നിന്ന് ഇന്ദിരാനഗറിലേക്ക് മെട്രോയിൽ യാത്ര ചെയ്യാറുണ്ടായിരുന്ന പ്രതി മെട്രോ ട്രെയിനിൽ യാത്ര ചെയ്യുന്ന സ്ത്രീ യാത്രക്കാരുടെ അറിവില്ലാതെ അവരുടെ സ്വകാര്യ ഭാഗങ്ങളുടെ അശ്ലീല ഫോട്ടോകളും വീഡിയോകളും പകർത്തുകയായിരുന്നു.
രഹസ്യമായി റെക്കോർഡ് ചെയ്യുന്ന വീഡിയോകൾ ഇയാൾ മെട്രോ ചിക്‌സ് എന്ന തന്റെ ഇൻസ്റ്റാഗ്രാം, ടെലിഗ്രാം അക്കൗണ്ടുകളിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നുവെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ വർഷം മാർച്ച് മുതൽ അയാൾ വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. കൂടുതൽ തെളിവുകൾക്കായി പ്രതിയുടെ ഡിജിറ്റൽ ഉപകരണങ്ങൾ വിശദമായി പരിശോധിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.
‘ബെംഗളൂരു മെട്രോ ക്ലിക്ക്സ്’, ‘മെട്രോ ചിക്സ്’ എന്നീ പേരുകളിൽ ഇൻസ്റ്റാഗ്രാമിലും ടെലിഗ്രാമിലും പേജുകൾ തുറന്ന് 13-ലധികം ഫോട്ടോകളും വീഡിയോകളും അയാൾ പോസ്റ്റ് ചെയ്തു എന്നാണ് ആരോപണം. 5,300-ലധികം ആളുകൾ ഈ പേജുകൾ പിന്തുടർന്നിരുന്നു. ഈ വീഡിയോകൾ വൈറലായതോടെ ഇതിനു പിന്നിലുള്ളവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മെട്രോ യാത്രക്കാരും പൊതുജനങ്ങളും രംഗത്തു വന്നു.
അശ്ളീല വീഡിയോകൾ പ്രത്യക്ഷപ്പെട്ട പേജുകളുടെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ച ജനങ്ങൾ ബെംഗളൂരു പോലീസിനെ ടാഗ് ചെയ്തു നിരവധി പോസ്റ്റുകൾ ഇട്ടു. ഇതേ തുടർന്ന് പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്തു. കേസ് എടുത്ത വാർത്ത പുറത്തുവന്നയുടൻ പേജുകൾ തന്നെ ഡിലീറ്റ് ചെയ്യപ്പെട്ടു.
വെള്ളിയാഴ്ച ഉച്ചയ്‌ക്ക് ശേഷമാണ് പ്രതിയെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തതെന്ന് സൗത്ത് ഡിവിഷൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ലോകേഷ് ബി ജഗലാസർ പറഞ്ഞു.