അഹമ്മദാബാദ്: ഗുജറാത്തിലെ ഇന്ത്യ-പാക് അതിർത്തിയിലെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ച പാകിസ്താനി നുഴഞ്ഞുകയറ്റക്കാരനെയാണ് സേന വധിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ അതിർത്തി പ്രദേശത്താണ് സംഭവം.
ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ച പാകിസ്താനിക്കെതിരെ വെടിയുതിർത്തതായും ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെട്ടതായും ഉദ്യോഗസ്‌ഥർ അറിയിച്ചു. പിന്തിരിയാൻ ബിഎസ്എഫ് ഉദ്യോഗസ്ഥർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും, നുഴഞ്ഞുകയറ്റക്കാരൻ മുന്നോട്ട് നീങ്ങിയതായും തുടർന്ന് സംഭവസ്ഥലത്ത് വെച്ച് തന്നെ വെടിയേറ്റ് മരിച്ചതായും അവർ പറഞ്ഞു.
ഈ മാസം ആദ്യവും സമാനമായ മറ്റൊരു നുഴഞ്ഞുകയറ്റശ്രമം ഇന്ത്യൻ സേന പരാജയപ്പെടുത്തിയിരുന്നു. പഞ്ചാബിലെ ഫിറോസ്പൂരിലെ അന്താരാഷ്‌ട്ര അതിർത്തിയിലൂടെ ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ച പാകിസ്താൻ പൗരനെ ബിഎസ്എഫ് വധിക്കുകയായിരുന്നു. ഏപ്രിൽ 22-ലെ പഹൽഗാം ആക്രമണത്തെയും തുടർന്നുണ്ടായ സൈനിക നീക്കങ്ങളെയും തുടർന്ന് ഇരു രാജ്യങ്ങളും വെടിനിർത്തൽ ധാരണയിലെത്തിയെങ്കിലും അതിർത്തിയിൽ കനത്ത ജാഗ്രത തുടരുകയാണ്.