കൊൽക്കത്ത: കോൺസുലേറ്റ് പരിസരത്ത് ഉദ്യോഗസ്ഥരുടെ മൃഗബലി നിരോധിച്ച നയതന്ത്ര ഉദ്യോഗസ്ഥനോട് മുഹമ്മദ് യൂനുസ് സർക്കാരിന്റെ പ്രതികാര നടപടി. കൊൽക്കത്ത കോൺസുലേറ്റിൽ നിന്നും മുതിർന്ന ഉദ്യോഗസ്ഥൻ ഷബാബ് ബിൻ അഹമ്മദിനെ തിരിച്ചു വിളിച്ചു.
ഈദ് ദിനത്തിൽ ബംഗ്ലാദേശിലെ സർക്കാർ ഓഫീസ് പരിസരത്ത് ഉദ്യോഗസ്ഥർ മൃഗബലി നടത്തി മാംസം വിതരണം ചെയ്തിരുന്നു. ഇതിന്റെ ചുവടു പിടിച്ച് കൊൽക്കത്തിയിലെ ബംഗ്ലാദേശ് കോൺസുലേറ്റ് പരിസരത്ത് വലിയ തോതിൽ മൃഗബലിയും മാംസ വിതരണവും നടന്നിരുന്നു. കഴിഞ്ഞ ഈദിൽ ഇത് നിരോധിച്ചതാണ് ബംഗ്ലാദേശ് ഇടക്കാല ഭരണകൂടത്തെ ചൊടിപ്പിച്ചത്
മുതിർന്ന നയതന്ത്രജ്ഞനായ ഷബാബ് ബിൻ അഹമ്മദ് കാര്യകാരണങ്ങൾ സഹിതമാണ് നിരോധന ഉത്തരവ് പുറത്തിറക്കിയിരുന്നത്. ഇന്ത്യയിൽ ഇത്തരം ഒരു രീതിയില്ല. ആതിഥേയ രാജ്യത്തിന്റെ ആചാരങ്ങളെ ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണ്. കൂടാതെ
വിദേശ രാജ്യങ്ങളിലെ മറ്റ് കോൺസുലേറ്റുകളിലൊന്നും ഇത് പതിവില്ല. അതിനാൽ കൊൽക്കത്തയിലും മൃഗബലി ആവശ്യമില്ല. കൂടാതെ കോൺസുലേറ്റ് പരിസരത്ത് ആടുമാടുകളെ അറക്കുന്നത് ശുചിത്വ പ്രശ്നമുണ്ടാക്കുന്നതായും അദ്ദേഹം നിരോധന ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.















