കണ്ണൂർ: ചെറുപുഴയിൽ എട്ടുവയസുകാരിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അച്ഛൻ കസ്റ്റഡിയിൽ. കാസർകോട് മലങ്കടവ് സ്വദേശി ജോസ് എന്ന മാമച്ചനാണ് പിടിയിലായത്. സഹോദരനായ 12 വയസുകാരൻ പകർത്തിയ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടി. സംഭവത്തിൽ ശിശുക്ഷേമ സമിതിയും അന്വേഷണം തുടങ്ങി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എട്ട് വയസ്സുള്ള പെൺകുട്ടിയെ പിതാവ് ക്രൂരമായി മർദ്ദിക്കുകയും നിലത്തെറിയാൻ ശ്രമിക്കുന്നതും ചുമരിൽ തലയിടിക്കുന്നതും കുട്ടി തല്ലല്ലേയെന്ന് കൈക്കൂപ്പി നിലവിളിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. കൊടുവാളും കയ്യിൽ പിടിച്ച് കൊണ്ടാണ് ഇയാളുടെ മർദ്ദനം. തുടർന്ന് എട്ട് വയസ്സുകാരന്റെ സെൽഫി വീഡിയോയും പുറത്ത് വന്നു. അമ്മ എത്രയും വേഗം വന്ന് ഞങ്ങളെ കൊണ്ടു പോേകണം എന്നാണ് ഇതിൽ 12 കാരൻ ആവശ്യപ്പെടുന്നത്.
പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പിൽ വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പൊലീസും നാട്ടുകാരും കുട്ടികൾ താമസിക്കുന്ന വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. എന്നാൽ പ്രാങ്ക് വീഡിയോ എന്നാണ് കുട്ടികൾ പൊലീസിനോട് പറഞ്ഞത്. അച്ചനും അമ്മയും പിരിഞ്ഞ് താമസിക്കുകയാണെന്നും അമ്മ തിരിച്ച് കൊണ്ടുവരാനാണ് ഇതുപോലെ ചെയ്തതെന്നുമായിരുന്നു കുട്ടികൾ പറഞ്ഞത്. ഇതോടെ കേസെടുക്കാതെ പൊലീസ് മടങ്ങി.
എന്നാൽ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് കേസെടുക്കാത്തതിൽ വിമർശനം ഉയർന്നു. കുട്ടിയുടെ കരച്ചിൽ പ്രാങ്ക് അല്ലെന്നുമാണ് എല്ലാവരും ചൂണ്ടിക്കാട്ടിയത്. ഒടുവിൽ റൂറൽ എസ്പിയുടെ നിർദ്ദേശത്തെ തുടർന്നാണ് ചെറുപുഴ പൊലീസ് കേസെടുത്തത്. മർദ്ദനം പ്രാങ്ക് അല്ലെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. കുട്ടിയുടെ അമ്മയുടെയും സഹോദരന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.