വീശിയടിക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ വച്ച് കൂളായി തന്റെ പെൺസുഹൃത്തിനോട് വിവാഹാഭ്യർത്ഥന നടത്തുകയാണ് യുവാവ്. ഒക്ലഹോമയിലെ ആർനെറ്റിലാണ് സിനിമയെ വെല്ലുന്ന സംഭവം. ഇരുവരുടെയും സുഹൃത്തുക്കൾ പകർത്തിയ വീഡിയോയും ഫോട്ടോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
മാറ്റ് മിഷേൽ എന്ന യുവാവാണ് ബെക്കി പട്ടേൽ എന്ന തന്റെ പെൺസുഹൃത്തിനോട് സാഹസികമായ വിവാഹാഭ്യർത്ഥന നടത്തിയത്. “ഇതിലും മികച്ച ഒരു വിവാഹാഭ്യർത്ഥന എനിക്ക് ചോദിക്കാൻ കഴിയുമായിരുന്നില്ല! മാറ്റ്, ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെൺകുട്ടിയായി നീ എന്നെ തോന്നിപ്പിക്കുന്നു, ഞാൻ നിന്നെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുന്നു,” ബെക്കി പട്ടേൽ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം കുറിച്ചു.
വീഡിയോയിൽ മിഷേൽ മുട്ടികുത്തിനിന്ന് “ഞാൻ നിന്നെ സ്നേഹിക്കുന്നു”എന്ന് ബെക്കിയോട് വിളിച്ചുപറയുന്നത് കേൾക്കാം. പിന്നാലെ ബെക്കി സമ്മതമെന്നവണ്ണം തന്റെ പ്രിയ സുഹൃത്തിനെ ആലിംഗനം ചെയ്യുന്നു. തനിക്ക് മിഷേൽ സമ്മാനിച്ച വിവാഹ നിശ്ചയമോതിരവും അവർ വീഡിയോയിൽ കാണിക്കുന്നുണ്ട്. ദമ്പതികൾ അവരുടെ എസ്യുവിക്ക് മുന്നിൽ പുഞ്ചിരിയോടെ നിൽക്കുമ്പോൾ ഇരുവർക്കും പിന്നിലായി അകലെ ചുഴലിക്കാറ്റ് ദൃശ്യമായി.