മിസ് വേൾഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇംഗ്ലണ്ട് മടങ്ങി. സംഘടകർ തന്നെ ചൂഷണം ചെയ്യുകയാണെന്ന് ആരോപിച്ചാണ് 24 കാരി മില്ല മാഗി ഹൈദരബാദിൽ നിന്നും ബ്രിട്ടനിലേക്ക് മടങ്ങിയത്. അപൂർവ്വങ്ങളിൽ അപൂർവ്വമാണ് ഇത്തരം ഒരു മടക്കം. ഇതോടെ 74 വർഷത്തെ ചരിത്രത്തിനിടെ മത്സരത്തിൽ നിന്ന് പിന്മാറിയ ആദ്യത്തെ മിസ് ഇംഗ്ലണ്ട് ആയി മാഗി മാറി. കടുത്ത വിമർശമാണ് തന്റെ ടീമിനെതിരെ മാഗി ഉയർത്തിയത്.
“ഒരു വേശ്യയാണോ എന്ന് പോലും എന്നിക്ക് തോന്നുന്നു. അവരുടെ താളത്തിന് ഒത്ത് തുള്ളുന്ന കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു, മാഗി പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘കാലഹരണപ്പെട്ട’ മത്സരം എന്നാണ് അവർ മിസ് വേൾഡിനെ വിശേഷിപ്പിച്ചത്.
സമ്പന്നരായ പുരുഷ സ്പോൺസർമാരെ ആകർഷിക്കാൻ തക്ക വിധത്തിൽ മേക്കപ്പ് ചെയ്യാനും വസ്ത്രം ധരിക്കാനും മിസ് ഇംഗ്ലണ്ട് ടീം നിർബന്ധിച്ചു. ഇവരുടെ മുന്നിൽ ഫാഷൻ പരേഡ് ചെയ്യാൻ നിർബന്ധിച്ചെന്നും അതിന് ശേഷമാണ് മാഗി മത്സരം ഉപേക്ഷിച്ചതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ വ്യക്തിപരമായ കാരണം കൊണ്ടാണ് മാഗി മടങ്ങിയതെന്ന് മിസ് ഇംഗ്ലണ്ടിന്റെ ഡയറക്ടർ ആംഗി ബീസ്ലി പറയുന്നു.
മിസ് വേൾഡ് ഫൈനലിൽ മാഗിക്ക് പകരം മിസ് ഇംഗ്ലണ്ട് റണ്ണറപ്പും നിലവിലെ മിസ് ലിവർപൂളുമായ 25 കാരിയായ ഷാർലറ്റ് ഗ്രാന്റ് മത്സരിക്കും. അടുത്ത ആഴ്ച 180 ലധികം രാജ്യങ്ങളിൽ ഫൈനൽ സംപ്രേഷണം ചെയ്യും. ഹൈദരബാദാണ് മത്സരവേദി.
Leave a Comment