ദുർഗന്ധം, നിറയെ പുഴുക്കൾ!! റെഡി ടു ഈറ്റ് മിക്സ് ഫ്രൂട്ട് മ്യൂസലി പാക്കറ്റ് തുറന്നപ്പോൾ ഉപഭോക്താവിന് ലഭിച്ചത്; കമ്പനിക്ക് പിഴ

Published by
Janam Web Desk

കൊച്ചി: റെഡി ടു ഈറ്റ് മിക്സ് ഫ്രൂട്ട് മ്യൂസലിയിൽ ചത്ത പുഴുവിനെ കണ്ടെത്തിയെന്ന പരാതിയിൽ ഉപഭോക്താവിന് നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. 20,000 രൂപ നഷ്ടപരിഹാരവും, കോടതി ചെലവായി 10,000 രൂപയും നൽകാനാണ് എറണാകുളം ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടത്. കർണ്ണാടകയിലെ പഗാരിയ ഫുഡ് പ്രൊഡക്ട്സിനെതിരെ എറണാകുളം സ്വദേശി ശ്രീരാജ് പ്രദീപ് കുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി. സുരക്ഷിതവും വിശ്വസനീയവുമായ ഭക്ഷണം ലഭിക്കുക എന്നത് ഉപഭോക്താവിന്റെ അവകാശമാണെന്നും ഉത്തരവിൽ വ്യക്തമാക്കി.

2024 ജൂലൈ 18-നാണ് നെട്ടൂരിലെ ഹൈപ്പർമാർട്ടിൽ നിന്ന് ക്വിളിറ്റി മിക്സ് ഫ്രൂട്ട് മ്യൂസലി വാങ്ങിയത്. വീട്ടിൽ എത്തി പാക്കറ്റ് തുറന്നപ്പോൾ കടുത്ത ദു‍​ർ​ഗന്ധം അനുഭവപ്പെട്ടു. പരിശോധിച്ചപ്പോൾ ചത്ത പുഴുവിനെ ലഭിച്ചു. 2024 ഏപ്രിൽ ആറിനാണ് നിർമിച്ചതെന്നും 2025 ജനുവരി അഞ്ച് വരെ ഉപയോ​ഗിക്കാമെന്നും പാക്കറ്റിൽ രേഖപ്പെടുത്തിയിരുന്നു.

തുടർന്ന് ഉപഭോക്താവ് തൃപ്പൂണിത്തുറ ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നൽകി. ഭക്ഷ്യസുരക്ഷാ ലാബോറട്ടറിയിൽ നടന്ന പരിശോധനയിൽ ഉൽപ്പന്നം ഭക്ഷ്യയോ​ഗ്യമല്ലെന്ന് കണ്ടെത്തി. പാക്കറ്റിൽ ചത്ത പുഴുവിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തു. ഈ വിവരങ്ങൾ കമ്പനിയെ അറിയിച്ചപ്പോൾ പുതിയ പാക്കറ്റ് നൽകാമെന്ന തരത്തിൽ നിരുത്തരവാദിത്തപരമായ പ്രതികരണമാണ് ലഭിച്ചത്.

കമ്പനിയുടെ പ്രവൃത്തി ഉപഭോക്താവിനെ ആരോഗ്യപരമായും മാനസികമായും ബുദ്ധിമുട്ടിലേക്ക് എത്തിച്ചു എന്നും കമ്മീഷൻ നിരീക്ഷിച്ചു. 30,000 രൂപയ്‌ക്ക് പുറമെ ഉത്പന്ന വിലയായ 265.50 രൂപ ഉപഭോക്താവിന് തിരികെ നൽകാനും കോടതി വിധിച്ചു.

Share
Leave a Comment