ചേർത്തല: ചേർത്തലയിൽ അഞ്ചുവയസുകാരനായ യുകെജി വിദ്യാർത്ഥിക്ക് ക്രൂരപീഡനം. കുട്ടിയെ പ്രതി മാനസികവും ശാരീരികവുമായി ഉപദ്രവിച്ചുവെന്ന് കാട്ടി സ്കൂൾ അധികൃതരും പിടിഎ ഭാരവാഹികളും ചേർത്തല പൊലീസിൽ പരാതി നൽകുകയായിരുന്നു. ചേർത്തല ടൗൺ യുപി സ്കൂളിലെ യുകെജി വിദ്യാർത്ഥിക്കാണ് രണ്ടാനച്ഛന്റെ ക്രൂര പീഡനമേൽക്കേണ്ടി വന്നത്.
കുറെ നാളുകളായി കുട്ടി സ്കൂളിൽ ഭക്ഷണം കൊണ്ട് വന്നിരുന്നില്ല. മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ചെത്തുന്നതും പതിവായി. ഇതോടെയാണ് അദ്ധ്യാപകർ കുട്ടിയോട് കാര്യങ്ങൾ തിരക്കിയത്. അമ്മയുടെ രണ്ടാം ഭർത്താവായ റെജി മദ്യപിച്ചെത്തുന്ന ദിവസങ്ങളിൽ താനുമായി വഴക്കിടാറുണ്ടെന്നും കരയുമ്പോൾ രണ്ട് കൈകൾ കൊണ്ടും ഇരു കരണത്തും അടിക്കുമെന്നും കുട്ടി വെളിപ്പെടുത്തി. ദേഹോപദ്രവം ഏൽപ്പിക്കുന്നത് പതിവാണെന്നും അഞ്ചുവയസുകാരൻ പറയുന്നു.
അതേസമയം തന്നെ ക്രൂരമായി മർദ്ദിക്കുമ്പോൾ അമ്മ ഇതിൽ ഇടപെടാറില്ലെന്നാണ് കുട്ടിയുടെ മൊഴി. ലോട്ടറി വിറ്റ് ഉപജീവനമാർഗ്ഗം നടത്തുന്ന മാതാവ് കുട്ടിക്കെതിരെ ഉപദ്രവം നടത്തുന്ന രണ്ടാം ഭർത്താവിനെതിരെ പരാതി കൊടുക്കുവാൻ തയ്യാറല്ല. അതിനാൽ കുട്ടിയുടെ സംരക്ഷണം ചൈയിൽഡ് പ്രോട്ടക്ഷൻ ഏറ്റെടുക്കണമെന്ന് കാട്ടി അധികൃതർ രംഗത്തെത്തിയിരിക്കുകയാണ്.
Leave a Comment