എറണാകുളം: തിരുവനന്തപുരത്തെ ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ കുറ്റാരോപിതനായ സുഹൃത്ത് സുകാന്ത് സുരേഷിന് മുൻകൂർ ജാമ്യമില്ല. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
പുറത്തു വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സുകാന്ത് സുരേഷിന് ഒരേ സമയം ഒന്നിലധികം സ്ത്രീകളുമായി ബന്ധമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രതി ഇരയെ മാനസികവും, ശാരീരികവും, സാമ്പത്തികവുമായി ചൂഷണം ചെയ്തതിനു തെളിവുണ്ട്, ആത്മഹത്യക്ക് പ്രേരിപ്പിച്ചതിന് വാട്സ്ആപ് ചാറ്റുകളുണ്ട് എന്നും ഹൈക്കോടതി നിരീക്ഷിച്ചു. സുകാന്തിനോട് കീഴടങ്ങണമെന്ന് കോടതി നിർദേശിച്ചു
വാട്സ്ആപ്പ് ചാറ്റുകൾ ചോർന്നുവെന്ന് സുകാന്തിന്റെ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. കേസ് ഡയറിയിലെ വിവരങ്ങൾ ചോർന്നതിൽ ഹൈക്കോടതി അതൃപ്തി അറിയിച്ചു. പൊലീസിൽ നിന്നാവും വിവരങ്ങൾ ചോർന്നിട്ടുണ്ടാവുക എന്നും വിവരങ്ങൾ ചോർന്നതിൽ അന്വേഷണം ആവശ്യമാണെന്നും കോടതി പറഞ്ഞു.
നേരത്തെ സുകാന്ത് സുരേഷിന്റെ അറസ്റ്റ് ഹൈക്കോടതി തിങ്കളാഴ്‌ച്ച വരെ തടഞ്ഞിരുന്നു.സുകാന്തിനെതിരെ കേസെടുത്തെന്ന് പൊലീസ് ഐബിയെ അറിയിച്ചിരുന്നു.കേസിൽ പ്രതിയായതോടെ വകുപ്പുതല അന്വേഷണം നടത്തി നടപടിയെടുത്ത് സുകാന്ത് സുരേഷിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു.
തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയെ മാർച്ച് 24നാണ് റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയ്‌ക്കു പിന്നാലെ യുവതിയെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തുവെന്ന് ആരോപിച്ച് സഹപ്രവർത്തകൻ സുകാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഉദ്യോഗസ്ഥയുടെ കുടുംബം രംഗത്തെത്തിയിരുന്നു. കുടുംബം ഇതിനുള്ള തെളിവുകളും പൊലീസിന് കൈമാറിയിരുന്നു.
മരിച്ച ഐ.ബി ഉദ്യോഗസ്ഥയുടെ അക്കൗണ്ടില്‍ നിന്നും സുകാന്തിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയതിന്റെ വിവരം ബന്ധുക്കള്‍ വെളിപ്പെടുത്തിയതോടെ പൊലീസ് സുകാന്തിനെതിരെ അന്വേഷണം ശക്തമാക്കി. ഇതോടെ സുകാന്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.















