ഇസ്ലാമാബാദ്: വീണ്ടും കോപ്പിയടിച്ച് നാണം കെട്ടിരിക്കുകയാണ് പാകിസ്താൻ സൈന്യം. പാക് പട്ടാളം ഇത്തവണ പറ്റിക്കാൻ ശ്രമിച്ചത് സ്വന്തം പ്രധാനമന്ത്രിയെത്തന്നെ. കരസേനാ മേധാവി അസിം മുനീർ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് നൽകിയ സൈനികാഭ്യാസത്തിന്റെ ചിത്രമാണ് പുതിയ വിവാദം. ഇന്ത്യക്കെതിരായി പാകിസ്താൻ നടത്തിയ ആക്രമണത്തിന്റെ സ്മാരകമായാണ് പട്ടാളമേധാവി ചിത്രം സമ്മാനിച്ചത്.
എന്നാൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പലതവണ ഉപയോഗിച്ച ഒരു പഴയ ചിത്രമാണ് ഈ ഫ്രെയിം ചെയ്ത ഫോട്ടോ. ചൈനീസ് മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചറായ PHL-03 ന്റെതാണ് ഈ ഫോട്ടോ. ഇത് ആദ്യം 2019 ലാണ് പങ്കിട്ടത്. ഫോട്ടോഗ്രാഫർ ഹുവാങ് ഹായാണ് ചിത്രമെടുത്തത്. പാകിസ്താൻ ഫീൽഡ് മാർഷൽ അസിം മുനീർ ആതിഥേയത്വം വഹിച്ച ഒരു ഉന്നത അത്താഴ വിരുന്നിലാണ് ഈ ഫോട്ടോ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് സമ്മാനിക്കുന്നത്.
പാകിസ്താൻ ഇന്ത്യക്കെതിരെ നേടിയ ചരിത്ര വിജയത്തിന്റെ ഓർമ്മ പുതുക്കാൻ എന്ന് അവകാശപ്പെട്ടാണ് ചിത്രം നൽകിയത്. എന്നാൽ ഇത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ കള്ളി വെളിച്ചത്തായി. ഫോട്ടോ പാകിസ്താന്റെ ഓപ്പറേഷൻ ബുനിയാൻ അൽ-മാർസൂസിന്റേതല്ലെന്നും 2019 ലെ ചൈനീസ് സൈനികാഭ്യാസത്തിന്റേതാണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പെട്ടെന്ന് ചൂണ്ടിക്കാട്ടി.