കൊച്ചി: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിലെ പ്രതി സഹപ്രവർത്തകൻ മലപ്പുറം എടപ്പാൾ സ്വദേശി സുകാന്ത് സുരേഷ് കീഴടങ്ങി. കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. . സുകാന്തിന്റെ മുൻകൂർ ജാമ്യ അപേക്ഷ ഇന്ന് ഹൈക്കോടതി തള്ളിയിരുന്നു. സുകാന്തിനോട് കീഴടങ്ങണമെന്നും കോടതി നിർദേശിച്ചു.
ഏകദേശം രണ്ടു മാസത്തോളം ഒളിവിൽ കഴിഞ്ഞ ശേഷമാണ് സുകാന്തിന്റെ നാടകീയമായ കീഴടങ്ങൽ. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് സുകാന്തിന്റെ ജാമ്യാപേക്ഷ തള്ളിയത്.ഇരയുടെ മേൽ പ്രതിക്ക് വ്യക്തമായ സ്വാധീനമുണ്ടായിരുന്നതായി കോടതി നിരീക്ഷിച്ചു. സുകാന്ത് സാമ്പത്തികമായും മാനസികമായും ശാരീരികമായും പെൺകുട്ടിയെ ഉപദ്രവിച്ചതായി സംശയിക്കാനുള്ള സാഹചര്യങ്ങളുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടെന്നും കോടതി ജാമ്യാപേക്ഷ തള്ളിക്കൊണ്ട് പറഞ്ഞു.
മാർച്ച് 24-നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങിയ ഐ.ബി. ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.















