എറണാകുളം: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം സമർപ്പിച്ചു. മുതിർന്ന സിപിഐഎം നേതാക്കളായ, കെ രാധാകൃഷ്ണൻ എംപി, എ.സി മൊയ്തീൻ, എം.എം വർഗീസ് ഉൾപ്പെടെയുള്ളവർ പ്രതിപ്പട്ടികയിൽ. സിപിഎം പാർട്ടിയും പ്രതി സ്ഥാനത്തുണ്ട്. അനധികൃതമായി ലോൺ തരപ്പെടുത്തിയവർ ഉൾപ്പെടെ കേസിൽ 83 പേർ പ്രതിപട്ടികയിലുണ്ട്. കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിലെ 68-ാം പ്രതിയാണ് സി പി എം.
അന്തിമ കുറ്റപത്രത്തിൽ പ്രതിയാക്കപ്പെട്ടത് CPIM പാർട്ടി ഉൾപ്പെടെ 8 രാഷ്‌ട്രീയ പ്രവർത്തകർ:
1. A64- മധു അമ്പലപ്പുറം – വടക്കാഞ്ചേരി കൗൺസിലർ
2. A67- മുൻ മന്ത്രി എ സി മൊയ്തീൻ
3. A68- കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ( മാർക്സിസ്റ്റ് )
4. A69- സി പി എം മുൻ തൃശൂർ ജില്ലാ സെക്രട്ടറി – എം എം വർഗീസ്
5. A70- കെ രാധാകൃഷ്ണൻ എം പി ( മുൻ മന്ത്രി, മുൻ സ്പീക്കർ )
6. A71- എ ആർ പീതാംബരൻ – പൊറത്തുശ്ശേരി നോർത്ത് എൽ സി സെക്രട്ടറി
7. A72- എം ബി ബിജു പൊറത്തുശ്ശേരി സൗത്ത് എൽ സി സെക്രട്ടറി
8. A73- കെ സി പ്രേമ രാജൻ ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി
അന്തിമ കുറ്റപത്രത്തിൽ പുതുതായി 27 പ്രതികൾ കൂടിയിട്ടുണ്ട്. ഇതോടെ മൊത്തം പ്രതികൾ 83 ആയി.
തട്ടിപ്പ് നടത്തിയത് വഴി പ്രതികൾ സമ്പാദിച്ചത് 180 കോടി ആണെന്ന് കുറ്റപത്രം പറയുന്നു. പ്രതികളുടെ സ്വത്തുക്കളിൽ നിന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് 128 കോടി രൂപയാണ്.
ഇ ഡി അസിസ്റ്റൻറ് ഡയറക്ടർ നിർമ്മൽ കുമാർ മോച്ഛ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. അഡ്വക്കേറ്റ് സന്തോഷ് ജോസ് മുഖേനയാണ് കുറ്റപത്രം സമർപ്പിച്ചത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പി എം എൽ എ പരിധിയിൽ വരാത്ത പ്രതികളുടെ പട്ടിക പൊലീസിന് കൈമാറാനാണ് ഇഡി തീരുമാനിച്ചത്. സാങ്കേതിക നടപടിക്രമം എന്ന നിലയിൽ കുറ്റപത്രം സമർപ്പിച്ച ശേഷം ആയിരിക്കും കൈമാറ്റം.
ബാങ്കിലെ സിപിഎമ്മിന്റെ രഹസ്യ അക്കൗണ്ടുകള്‍ വഴി കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ഇഡി റിപ്പോര്‍ട്ടിലുള്ളത്. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് കള്ളപ്പണ ഇടപാട് നടന്നതെന്നും കള്ളപ്പണ ഇടപാട് നടന്ന രഹസ്യ അക്കൗണ്ടുകളെക്കുറിച്ച് ആദായ നികുതി റിട്ടേണുകളില്‍ വിവരങ്ങളുണ്ടായിരുന്നില്ലെന്നും ഇഡി റിപ്പോര്‍ട്ടിലുണ്ട്.