മാനന്തവാടി: വയനാട്ടിലെ മാനന്തവാടിയിൽ യുവതിയെ ആൺ സുഹൃത്ത് കൊലപ്പെടുത്തിയ ശേഷം കാണാതായ കുട്ടിയെ പ്രതിക്കൊപ്പം കണ്ടെത്തി. ഇരയുടെ ഒൻപതു വയസ്സായ മകളെ കൊല നടത്തിയശേഷം പ്രതി തട്ടിക്കൊണ്ടുപോവുകയായിരുന്നു. അപ്പാപ്പാറയിലെ എസ്റ്റേറ്റിലെ വീടിന് സമീപമുള്ള വനമേഖലയിൽ നിന്നാണ് പ്രതി ദിലീഷിനെ പോലിസ് പിടികൂടിയത്.
ഇന്നലെ രാത്രിയായിരുന്നു മാനന്തവാടിയ്‌ക്കടുത്ത് അപ്പപ്പാറയിലെ വാകേരി മേഖലയിൽ നാടിനെ നടുക്കിയ അതിക്രൂരമായ കൊലപാതകം നടന്നത്. എടയൂർക്കുന്ന് സ്വദേശിനിയായ അപർണ (36) യെയാണ് ആൺ സുഹൃത്ത് ദിലീഷ് കുത്തി കൊലപ്പെടുത്തിയത്. കൊലപാതകം പുറത്തറിഞ്ഞപ്പോൾ കുഞ്ഞിനെക്കാണാനില്ല എന്ന വാർത്തയും പരന്നു. കുട്ടി ഓടി രക്ഷപെട്ടു എന്നാണ് ആദ്യം കരുതിയത്. കുഞ്ഞിനെ കണ്ടെത്തുന്നതിനായി ഡ്രോണ്‍ പരിശോധന അടക്കം നടത്തിയിരുന്നു. രാവിലെ മുതൽ ആരംഭിച്ച തെരച്ചിലിൽ പ്രതിയുടെതെന്ന് സംശയിക്കുന്ന മൊബൈൽ ഫോണും പുതപ്പും കണ്ടെത്തിയിരുന്നു. ഇതാണ് പ്രതിയെ കണ്ടെത്താൻ നിര്‍ണായകമായത്. മൊബൈൽ ഫോണ്‍ കണ്ടെത്തിയ സ്ഥലത്തിന് സമീപം കൂടുതൽ തെരച്ചിൽ നടത്തുകയായിരുന്നു.
ഇതിനിടെയാണ് വീടിന് അധികം ദൂരെയല്ലാത്ത സ്ഥലത്ത് വെച്ച് പ്രതിക്കൊപ്പം കുട്ടിയെ കണ്ടെത്തിയത്. ആളൊഴിഞ്ഞ വീട്ടിൽ കുട്ടിയുമായി ഒളിച്ചിരിക്കുകയായിരുന്നു പ്രതി. കൊല നടത്തിയശേഷം ദിലീഷ് ഒമ്പതു വയസുള്ള കുട്ടിയെയും തട്ടിയെടുത്ത് സ്ഥലത്ത് നിന്ന് പോവുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
ദിലീഷിന്റെ ആക്രമണത്തിൽ പ്രവീണയുടെ മറ്റൊരു മകൾ കഴുത്തിനും ചെവിക്ക് പരിക്കേറ്റ് മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 14 വയസുള്ള പെണ്‍കുട്ടിയാണ് ചികിത്സയിലുള്ളത്.















